ചെമ്പ്ര - കൂരാച്ചുണ്ട് - 28 മൈൽ റീച്ച് മലയോര ഹൈവേ നിർമാണം ദ്രുതഗതിയിൽ; കൂരാച്ചുണ്ട് ടൗണിൽ 'ബ്രേക്ക്' വീഴരുത്; 700 മീറ്റർ ഭാഗത്തെ അനിശ്ചിതത്വം നീങ്ങണമെന്ന് ആവശ്യം
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ രണ്ടാം ഘട്ട നിർമാണപ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും കൂരാച്ചുണ്ട് ടൗൺ ഭാഗത്തെ പ്രവൃത്തികൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ചെമ്പ്ര മുതൽ ഇരുപത്തിയെട്ടാം മൈൽ വരെയുള്ള റീച്ചിന്റെ നിർമാണമാണ് നിലവിൽ നടന്നുവരുന്നത്. ആകെയുള്ള ദൂരത്തിൽ കൂരാച്ചുണ്ട് ടൗൺ ഒഴികെയുള്ള 9.45 കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ ജോലി നടക്കുന്നത്.
ചെമ്പ്ര-കൂരാച്ചുണ്ട് റോഡിലെ കേളോത്തുവയലിന് സമീപമുള്ള എമ്പ്രയിൽ താഴെ ഭാഗം വരെ നിലവിൽ നിർമാണ പ്രവൃത്തികൾ എത്തിയിട്ടുണ്ട്. 51.43 കോടി രൂപ ചെലവഴിച്ചാണ് ഈ റീച്ചിന്റെ വികസനം നടപ്പിലാക്കുന്നത്.
കേളോത്തുവയലിൽ കലുങ്ക് നിർമാണം കൂടി ആരംഭിച്ചതോടെ മഴക്കാലത്തിന് മുൻപായി പ്രധാന പണികൾ തീർക്കാനാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്.ഒന്നര വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ വേഗതയിൽ പണി തുടർന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ടൗൺ ഭാഗം ഒഴിവാകുന്നത് തിരിച്ചടിയാകുന്നു
ഹൈവേ നിർമാണം പുരോഗമിക്കുമ്പോഴും കൂരാച്ചുണ്ട് ടൗൺ ഉൾപ്പെടുന്ന 700 മീറ്റർ ഭാഗം നിലവിൽ പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടില്ല. ഈ ഭാഗത്തെ ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി നിർമാണം നടത്തിയാൽ മാത്രമേ മലയോര ഹൈവേയുടെ ഗുണം പൂർണ്ണതോതിൽ യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ. ടൗൺ ഭാഗം പഴയ അവസ്ഥയിൽ തുടരുന്നത് ഭാവിയിൽ വലിയ ഗതാഗതക്കുരുക്കിനും പ്രയാസങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നടപടികൾ വേഗത്തിലാക്കാൻ ആവശ്യം
ടൗൺ ഭാഗത്തെ 700 മീറ്റർ ദൂരത്തിന്റെ നിർമാണത്തിനാവശ്യമായ ഭരണാനുമതിയും ടെൻഡർ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. ഹൈവേയുടെ മറ്റു ഭാഗങ്ങൾ ഉന്നത നിലവാരത്തിൽ പൂർത്തിയാകുമ്പോൾ ടൗൺ ഭാഗം മാത്രം അവശേഷിക്കുന്നത് പദ്ധതിയുടെ പൂർണ്ണതയെ ബാധിക്കുമെന്നതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.



Comments
Post a Comment