പൂക്കിപ്പറമ്പ് ദുരന്തത്തിന് 25 വയസ്സ്: ആ തീഗോളം ഇന്നും മായാത്ത നടുക്കം; പോറലേൽക്കാതെ രക്ഷപ്പെട്ട രാജേഷിന്റെ ഓർമകളിൽ ആ കറുത്ത ദിനം

 


കൂരാച്ചുണ്ട് / ചക്കിട്ടപാറ: മലയാളക്കരയെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് നാളെ 25 വയസ്സ്. 44 പേരുടെ ജീവൻ പൊലിഞ്ഞ ആ ദുരന്തത്തിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട കോഴിക്കോട് സ്വദേശി പി. രാജേഷിന് (50) ആ ഓർമ്മകൾ ഇന്നും വിറങ്ങലിക്കുന്ന ഒന്നാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ രാജേഷ്, അന്ന് ആ ബസിലുണ്ടായിരുന്നവരിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടഏക യാത്രക്കാരനാണ്.

മരണപ്പാച്ചിലിനൊടുവിൽ ആ ദുരന്തം

അന്ന് ഡ്രൈവിങ് സ്കൂൾ ജീവനക്കാരനായിരുന്ന രാജേഷ്, ബന്ധുവായ വൈശാഖിനൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഉച്ചയോടെ ഗുരുവായൂർ സ്റ്റാൻഡിൽ നിന്ന് കണ്ണൂർ - ഗുരുവായൂർ റൂട്ടിലോടുന്ന ‘പ്രണവം’ ബസിലാണ് ഇരുവരും കയറിയത്. മുൻവശത്തെ ടൂൾ ബോക്സിന് മുകളിലായിരുന്നു ഇവരുടെ ഇരിപ്പിടം.

ബസിന്റെ അമിതവേഗതയെക്കുറിച്ച് പലതവണ ഡ്രൈവറോട് മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് രാജേഷ് ഓർക്കുന്നു. ചങ്കുവെട്ടി പിന്നിട്ടതോടെ വേഗത വീണ്ടും വർധിച്ചു. ഒടുവിൽ കോഴിച്ചെന ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് പൂക്കിപ്പറമ്പിൽ വെച്ച് തലകീഴായി മറിയുകയും നിമിഷങ്ങൾക്കകം തീഗോളമായി മാറുകയും ചെയ്തു.


അത്ഭുതകരമായ രക്ഷപ്പെടൽ

മുന്നിലിരുന്നതാണ് രാജേഷിനും അനിയൻ വൈശാഖിനും രക്ഷയായത്. ബസ് തീഗോളമാകുന്നതിന് മുൻപ് മുൻവശത്തെ ചില്ല് തകർത്ത് ഡ്രൈവർ സുധീർ പുറത്തുചാടിയ വിടവിലൂടെയാണ് രാജേഷും വൈശാഖും ജീവൻ തിരിച്ചുപിടിച്ചത്.. വൈശാഖിന് ഗ്ലാസ് തട്ടി പരിക്കേറ്റെങ്കിലും രാജേഷ് ഒരു പരുക്കും കൂടാതെ രക്ഷപ്പെട്ടു.

"ശ്വാസം വിടാതെ മുന്നോട്ടോടി തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് സഹയാത്രികർ ഒന്നടങ്കം കത്തിയെരിയുന്ന ദൃശ്യമാണ്. ആ നിലവിളികൾ ഇന്നും കാതുകളിലുണ്ട്," - രാജേഷ് പറയുന്നു. രക്ഷപ്പെട്ടത് പത്തിൽ താഴെ ആളുകൾ മാത്രമായിരുന്നു

ഇന്നും ആ അപകടസ്ഥലത്തു കൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് അറിയാതെ പിടയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മായാത്ത മുറിപ്പാടുകൾ

നിലവിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനാണ് രാജേഷ്. ജോലിക്കായി ദിവസവും ഈ പാതയിലൂടെ കടന്നുപോകുമ്പോൾ പഴയ ആ തരിപ്പും ഭീതിയും ഇന്നും മനസ്സിലേക്ക് ഓടിയെത്തും.

അപകടത്തെത്തുടർന്ന് ഡ്രൈവർ സുധീറിന്റെ ശിക്ഷാകാലയളവ് ഹൈക്കോടതി ഉയർത്തിയത് ഈയിടെയാണ്. നിയമപോരാട്ടങ്ങൾ തുടരുമ്പോഴും, ദുരന്തം നടന്ന് 25 വർഷം തികയുമ്പോഴും കേരളത്തിന്റെ റോഡ് സുരക്ഷാ ചരിത്രത്തിലെ കറുത്ത അധ്യായമായി പൂക്കിപ്പറമ്പ് ഇന്നും അവശേഷിക്കുന്നു.

രാജേഷിൻ്റെ വാക്കുകളിലേക്ക്

" വീണ്ടും ഒരു മാർച്ച് മാസം വന്നെത്തിയിരിക്കുന്നു. എന്നെ സംബന്ധിച്ച് 2001 മാർച്ച് 11 മറക്കാൻ പറ്റാത്ത ഒരു ദിവസമാണ്. കാരണം അന്നാണ് 44 ആളുകൾ വെന്തു മരിച്ച പൂക്കിപ്പറമ്പ് ബസ് അപകടം. അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആളാണ് ഞാൻ 

 2001 മാർച്ച് 11 രാവിലെ ഞാനും ചെറിയമ്മയുടെ മകനും കൂടി കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. അമ്പലത്തിൽ പ്രാർത്ഥിച്ച ശേഷം തിരികെ പോരാനായി പ്രൈവറ്റ് ബസ് ആയ "പ്രണവം" ബസ്സിൽ കയറി. ബസ്സിന്റെ ഇരുവശങ്ങളിലായി ആയിരുന്നു സീറ്റ് ലഭിച്ചത്. ഒരുമിച്ച് ഇരിക്കാം എന്നുള്ള തോന്നൽ കാരണം കണ്ടക്ടർറോട് പറഞ്ഞ് മുൻവശത്തെ ടൂൾ ബോക്സിന്റെ മുകളിൽ സീറ്റ് കിട്ടി. ഈ കാലയളവിൽ ഡ്രൈവിംഗ് സ്കൂളിലായിരുന്നു എനിക്ക് ജോലി. യാത്രയിൽ ഇടയ്ക്ക് ബസ്സിന്റെ സ്പീഡ് കൂടുതലാണെന്ന് ഡ്രൈവറോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. കോട്ടക്കൽ അടുത്ത് കോഴിച്ചിന ഇറക്കത്തിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് തീപിടിച്ചു. മുൻവശത്തായതു കാരണം ചില്ല് പൊട്ടിയ ഭാഗത്ത് കൂടെ ഞാനും അനിയനും പുറത്തേക്ക് ചാടി. അപ്പോഴേക്കും ബസ് തീ ഗോളമായി മാറിക്കഴിഞ്ഞിരുന്നു.  25 വർഷം കഴിഞ്ഞിട്ടും ഓരോ മാർച്ച് മാസം വരുമ്പോഴും ആ നടുക്കുന്ന ഓർമ്മകൾ എന്നെ തേടി വന്നു കൊണ്ടേയിരിക്കും കൃഷ്ണാ ഗുരുവായൂരപ്പാ......" 


കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലാണ് ഇപ്പോൾ രാജേഷ് ജോലി ചെയ്യുന്നത്. ഭാര്യ- രമ്യ , മക്കൾ- ആവണി , അവന്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി