സൂചിമലയിലെ 'മഞ്ഞുമ്മൽ ബോയ്‌സ്': 200 അടി താഴ്ചയിൽ നിന്ന് യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി സൈന്യം!
ഗൂഡല്ലൂർ :സിനിമയെ വെല്ലുന്ന അതിസാഹസികമായ ഒരു രക്ഷാപ്രവര്‍ത്തനത്തിനാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലുള്ള സൂചിമല സാക്ഷിയായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ, മരണമുഖത്തുനിന്ന് സൈന്യവും വനംവകുപ്പും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ചെങ്കല്‍പേട്ട സ്വദേശിയായ ശിവഗുരുനാഥൻ (30) സൂചിമല വ്യൂ പോയിന്റിന് സമീപമുള്ള കൊക്കയിലേക്ക് വീണത്. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍ വഴുതി 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത ശേഷം ഇയാള്‍ ഡ്രൈവറെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഉടൻ തന്നെ വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
വൈകിട്ട് 5:00 മണിക്ക് തെർമല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ യുവാവ് വീണ സ്ഥലം കണ്ടെത്തി. രാത്രി 9:30ഓടെ കൂനൂരില്‍ നിന്നെത്തിയ മദ്രാസ് റെജിമെന്റിലെ സൈനികർ രക്ഷാദൗത്യം ഏറ്റെടുത്തു. മേജർ സരവണകുമാർ നേതൃത്വം നല്‍കി. മേജർ ഡോ. കവിത വടം ഉപയോഗിച്ച് ചെങ്കുത്തായ പാറയിടുക്കിലേക്ക് ഇറങ്ങി യുവാവിന് പ്രാഥമിക ചികിത്സയും ഡ്രിപ്പും നല്‍കി. രാത്രി 11:00 മുതല്‍ പുലർച്ചെ 2:00 വരെ ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു, എസ്പി എൻ.എസ്. നിഷ, എംഎല്‍എ പൊൻ ജയശീലൻ എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങള്‍ നേരിട്ട് നിയന്ത്രിച്ചു. പുലർച്ചെ 4:00 മണിക്ക് സ്ട്രെച്ചറിലാക്കി കയർ ഉപയോഗിച്ച് യുവാവിനെ സുരക്ഷിതമായി മുകളിലെത്തിച്ചു. തുടർന്ന് ഒരു കിലോമീറ്ററോളം ചുമന്നാണ് റോഡിലെത്തിച്ചത്. ഏകദേശം 150 പേർ അണിനിരന്ന വലിയ ദൗത്യമാണ് വിജയകരമായി അവസാനിച്ചത്.
വനമേഖലയായതിനാല്‍ കാട്ടാനകളുടെ സാന്നിധ്യം രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഡ്രോണിന്റെ സഹായത്തോടെ ആനകളെ നിരീക്ഷിക്കുകയും അവയെ അകറ്റി നിർത്തുകയും ചെയ്തതുകൊണ്ടാണ് രക്ഷാപ്രവർത്തനം തടസ്സമില്ലാതെ പൂർത്തിയാക്കാനായത്. നിലവില്‍ ഊട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവ് അപകടനില തരണം ചെയ്തു. എന്നാല്‍, ഇയാള്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment