കൃഷിയിടങ്ങൾക്ക് ഇനി സോളാർ കാവൽ; കൂരാച്ചുണ്ടിൽ 1.60 കോടിയുടെ ഹാങ്ങിങ് ഫെൻസിങ് പദ്ധതിക്ക് തുടക്കമായി.
വന്യജീവി ശല്യത്തിന് പരിഹാരം: കൂരാച്ചുണ്ട് ഹാങ്ങിങ് സോളാർ ഫെൻസിങ് പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: കൃഷിയിടങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നത് തടയാൻ കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് കൂരാച്ചുണ്ട് പഞ്ചായത്തിൽ നിർമിക്കുന്ന ഹാങ്ങിങ് സോളാർ ഫെൻസിങ്ങിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവഹിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഇത്തരം ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ മുഖ്യാതിഥിയായി.
കൃഷി വകുപ്പിന്റെ ആർ.കെ.വി.വൈ (RKVY) ഫണ്ടിൽ നിന്നും 160 ലക്ഷം രൂപ ചെലവഴിച്ചാണ് സോളാർ വേലി നിർമ്മിക്കുന്നത്. വനം വകുപ്പിനാണ് നിർമ്മാണ ചുമതല. പഞ്ചായത്തിലെ 4, 5, 6, 8, 9 വാർഡുകളിലൂടെ കടന്നുപോകുന്ന വേലിക്ക് 20 കിലോമീറ്റർ നീളമുണ്ട്. ഓട്ടപ്പാലം, കാളങ്ങാലി, മണ്ടോപ്പാറ, മുപ്പതാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രൂപ നാരായണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിജിത്ത്, കൃഷി ഓഫീസർ രാജി പി.പി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വി.ജെ. സണ്ണി, എ.കെ. പ്രേമൻ, ബേബി പൂവത്തിങ്കൽ, ഗോപി ആലക്കൽ, സൂപ്പി തെരുവത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Comments
Post a Comment