കൂരാച്ചുണ്ടിന് ഇനി സോളാർ കാവൽ; 1.60 കോടിയുടെ ഫെൻസിങ് പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും.
കൂരാച്ചുണ്ട്: മലയോര മേഖലയിലെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ കാലങ്ങളായുള്ള ദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് കൂരാച്ചുണ്ട് പഞ്ചായത്തി്ന് അനുവദിച്ച സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം നാളെ (ശനി) നടക്കും. രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ചാണ് ചടങ്ങ് നടക്കുക.
വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെയും ഗ്രാമത്തെയും സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വൻകിട പദ്ധതിയാണിത്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി 60 ലക്ഷം രൂപ മുതൽമുടക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ ശാസ്ത്രീയമായ രീതിയിലുള്ള ഫെൻസിങ്ങാണ് സജ്ജമാക്കുന്നത്. പഞ്ചായത്തിലെ 4, 5, 6, 8, 9 വാർഡുകളിലൂടെയാണ് ഈ സുരക്ഷാവേലി കടന്നുപോകുന്നത്.
നാളെ രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദും, വനം വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രനും ചേർന്ന് ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. കെ. സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനി ജിനോ സ്വാഗതം ആശംസിക്കും.
ഗ്രാമത്തെ വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കാനുള്ള ഈ വലിയ സർക്കാർ ഇടപെടലിന്റെ ഭാഗമാകാൻ പ്രദേശത്തെ മുഴുവൻ കർഷകരും ഉൽഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു. കാർഷിക മേഖലയുടെ നിലനിൽപ്പിന് നിർണ്ണായകമായ ഈ പദ്ധതി പൂർത്തിയാകുന്നതോടെ കൂരാച്ചുണ്ടിന്റെ മലയോര മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Comments
Post a Comment