10 ദിവസം, 2.5 കോടി രൂപ; കൃഷിയിടത്തിൽ വിരിഞ്ഞത് 'പ്രൈവറ്റ് ബൈപാസ്'! 200 രൂപ ടോൾ കൊടുത്ത് ഓടിയത് ഒന്നര ലക്ഷത്തോളം വാഹനങ്ങൾ
ലണ്ടൻ: റോഡ് തകർന്ന് മാസങ്ങളോളം ദുരിതത്തിലായ നാട്ടുകാരെ രക്ഷിക്കാൻ സർക്കാർ കനിഞ്ഞില്ല, ഒടുവിൽ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് റോഡുണ്ടാക്കി ഒരു ബിസിനസുകാരൻ മാതൃകയായി. ബ്രിട്ടനിലെ സോമർസെറ്റിലാണ് സംഭവം. പത്തുദിവസം കൊണ്ട് 400 മീറ്റർ ബൈപാസ് റോഡ് നിർമ്മിച്ച മൈക്ക് വാട്ട്സ് എന്ന ബിസിനസുകാരനാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
14 മൈൽ ചുറ്റേണ്ടി വന്ന ദുരിതം
2014-ൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ബാത്തിനടുത്തെ പ്രധാന പാതയായ A431 മാസങ്ങളോളം അടച്ചിടേണ്ടി വന്നു. ഇതോടെ ഡ്രൈവർമാർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ 22 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു. ഇന്ധനച്ചെലവും സമയനഷ്ടവും സഹിക്കവയ്യാതെ ജനങ്ങൾ വലഞ്ഞപ്പോഴാണ് മൈക്ക് വാട്ട്സ് തന്റെ സാഹസികമായ നീക്കം നടത്തിയത്.
10 ദിവസം കൊണ്ട് ഒരു 'പ്രൈവറ്റ് ബൈപാസ്'
ഒരു കർഷകന്റെ കൃഷിയിടം വാടകയ്ക്കെടുത്ത മൈക്ക്, സ്വന്തം സമ്പാദ്യത്തിൽ നിന്നും ഏകദേശം 2.5 കോടി രൂപ മുടക്കിയാണ് 400 മീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിച്ചത്. കേവലം 10 ദിവസം കൊണ്ടാണ് ടോൾ ബൂത്തുകളും സ്റ്റാഫും പ്ലാന്ററുകളും അടക്കമുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്. ഓരോ കാറിനും 2 പൗണ്ട് (ഏകദേശം 3 ഡോളർ) മാത്രമായിരുന്നു ടോൾ നിരക്ക്.
തുടക്കത്തിൽ പ്ലാനിംഗ് പെർമിഷൻ ഇല്ലാതെയാണ് നിർമ്മാണം തുടങ്ങിയതെങ്കിലും, സ്വകാര്യ ഭൂമിയിലായതിനാൽ നിയമതടസ്സങ്ങൾ മറികടക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. ആകെ 1.63 ലക്ഷത്തിലധികം വാഹനങ്ങളാണ് ഈ സ്വകാര്യ റോഡ് ഉപയോഗിച്ചത്. ദീർഘദൂര യാത്ര ഒഴിവാക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ഡ്രൈവർമാർ മടി കൂടാതെ ടോൾ നൽകി.
എന്നാൽ കഥയിൽ ചെറിയൊരു ട്വിസ്റ്റുണ്ട്; റോഡ് നിർമ്മാണത്തിനും നടത്തിപ്പിനുമായി വലിയ തുക ചെലവായതിനാലും, അധികം വൈകാതെ തന്നെ സർക്കാർ റോഡ് പുനർനിർമ്മിച്ച് തുറന്നതിനാലും ഈ സംരംഭത്തിൽ നിന്ന് മൈക്കിന് വലിയ ലാഭമൊന്നും നേടാനായില്ല. എങ്കിലും, സർക്കാരിന്റെ കാലതാമസത്തിനെതിരെ ഒരു സാധാരണക്കാരൻ നടത്തിയ ഈ വേറിട്ട പോരാട്ടം ഇന്നും വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയാണ്.

Comments
Post a Comment