ഓസ്‌ട്രേലിയയിൽ നിന്ന് വീട്ടിലെത്തിയത് 2 ദിവസം മുൻപ്, നാടിനെ കണ്ണീരിലാഴ്ത്തി പേരാമ്പ്ര സ്വദേശി അശ്വിൻ്റെ അപ്രതീക്ഷ വിയോഗം...
പേരാമ്പ്ര: പേരാമ്പ്ര: ഏറെക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം ഉറ്റവരെ കാണാൻ ഓസ്‌ട്രേലിയയിൽ നിന്നും പറന്നിറങ്ങിയ അശ്വിൻ്റെ മടക്കം നാടിനെ നൊമ്പരപ്പെടുത്തുന്ന വാർത്തയായി മാറി. പേരാമ്പ്ര കരുവണ്ണൂരിൽ ഇന്ന് രാവിലെ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ ബി. രാജ് ആണ് അന്തരിച്ചത് 22 വയസ്സായിരുന്നു.
2 ദിവസം മുൻപാണ് അശ്വിൻ നാട്ടിലെത്തിയത്. വിദേശത്തെ ഉപരിപഠനത്തിനിടയിൽ ലഭിച്ച ചെറിയ അവധിക്ക് വീട്ടിലെത്തിയത് ആയിരുന്നു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊരു ദുരന്തമായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന അശ്വിന്റെ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്ന് വന്ന കാറിന് മുൻപിലേക്ക് തെന്നിവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻതന്നെ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥിയായ അശ്വിൻ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. റിട്ട. അധ്യാപകൻ ചെറുവലത്ത് രാജന്റെയും (എം.ജെ. വി.എച്ച്.എസ്.എസ്. വില്യാപ്പള്ളി) ചാത്തൻകോട്ട് നട എ.ജെ.ജെ.എം. എച്ച്.എസ്. അധ്യാപിക ബിനിതയുടെയും മകനാണ്. സഹോദരൻ: അഭയ് ബി. രാജ്.

Comments
Post a Comment