അഞ്ച് വർഷമായി വീട്ടമ്മയുടെ വയറ്റിൽ കത്രിക!
മനുഷ്യജീവന് കാവലാകേണ്ടവർ കാട്ടിയ ഈ അനാസ്ഥ കണ്ടില്ലെന്ന് വെക്കാനാവില്ല. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫ് എന്ന വീട്ടമ്മയാണ് കഴിഞ്ഞ അഞ്ച് വർഷമായി തീരാവേദനയുമായി കഴിഞ്ഞിരുന്നത്. 2021-ൽ വണ്ടാനം മെഡിക്കൽ കോളേജിൽ വയറിലെ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അശ്രദ്ധമായി വയറ്റിനുള്ളിൽ ഉപേക്ഷിച്ച കത്രികയാണ് ഇപ്പോൾ എക്സ്റേയിലൂടെ പുറംലോകം അറിഞ്ഞിരിക്കുന്നത്.
ശസ്ത്രക്രിയക്ക് ശേഷം വിട്ടുമാറാത്ത വേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ട ഉഷ പലതവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ആരും അത് ഗൗരവമായി എടുത്തില്ല. ഒരു സ്കാനിംഗ് നടത്താൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നത് ഈ അനാസ്ഥയുടെ ആഴം വർദ്ധിപ്പിക്കുന്നു. ഒടുവിൽ അമിതമായ ബ്ലീഡിംഗിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്.
ഒരു തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയ്ക്ക് കഴിഞ്ഞ അഞ്ച് വർഷമായി ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. ഈ ക്രൂരമായ അനാസ്ഥയ്ക്ക് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി നാളെ മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധം ആരംഭിക്കുകയാണ്. ആരോഗ്യ മന്ത്രിക്കും ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. ഈ വാർത്ത പുറത്തറിഞ്ഞതോടെ വിഷയം ഒതുക്കിത്തീർക്കാൻ ചിലർ ശ്രമിക്കുന്നതായും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്.

Comments
Post a Comment