ചക്കിട്ടപാറയുടെ വൈൽഡ് ലൈഫ് വാർഡൻ പദവി പുനഃസ്ഥാപിക്കണം; മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് മുമ്പ് ഉണ്ടായിരുന്ന ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി എത്രയും വേഗം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ നേരിട്ട് കണ്ട് ചർച്ച നടത്തി. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലുകൾ നടത്തുന്നതിന് ഈ പദവി അത്യന്താപേക്ഷിതമാണെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം മന്ത്രിയെ ധരിപ്പിച്ചു.
പ്രദേശത്തെ കർഷകരെയും പൊതുജനങ്ങളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി നിലവിൽ നിർമ്മാണം നിലച്ചുപോയ ഹാങ്ങിങ് ഫെൻസിംഗ് (തൂക്കുവേലി) പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ജില്ലയിലെ മലയോര മേഖലകളിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് നിത്യസംഭവമായതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഈ പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടൽ ഏറെ പ്രതീക്ഷയോടെയാണ് ചക്കിട്ടപാറ നിവാസികൾ കാണുന്നത്. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചും കർഷകരുടെ സുരക്ഷ ഉറപ്പാക്കാനും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് സജീവമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

Comments
Post a Comment