നിസ്സാരമെന്ന് കരുതിയ വയറുവേദന, ഒടുവിൽ തട്ടിയെടുത്തത് ഒരു വലിയ സൗഹൃദത്തെ.
വേദനകളുടെയും, പോരാട്ടങ്ങളുടെയും രണ്ടാഴ്ചകൾക്ക് ഒടുവിൽ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി നിഷാദ് വിടവാങ്ങി. അസഹ്യമായ ശാരീരിക വേദനകളോട് പൊരുതി ജനുവരി മുതൽ ചികിത്സയിലായിരുന്ന നിഷാദ് കഴിഞ്ഞ ഈ ഫെബ്രുവരി 4ന് ആണ് അന്തരിച്ചത്..
കുട്ടിക്കാലം മുതലേയുള്ള ആത്മബന്ധവും, യാത്രകളും പാതിവഴിയിൽ ഉപേക്ഷിച്ചുള്ള നിഷാദിന്റെ മടക്കം സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വലിയ ആഘാതമായി. നിഷാദിന്റെ ഉറ്റസുഹൃത്ത് പി.ടി. ജാഫർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ആ വേർപാടിന്റെ ആഴം പുറംലോകമറിഞ്ഞത്..
ജനുവരി 12ന് തുടങ്ങിയ വയറുവേദനയെ തുടർന്നാണ് നിഷാദ് ചികിത്സ തേടിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രോഗനിർണ്ണയം ദുഷ്കരമായിരുന്നു. പിന്നീട് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും തുടർന്ന് എം.ഇ.എസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫെബ്രുവരി 4ന് നിഷാദ് മരണത്തിന് കീഴടങ്ങുകയായിരുന്നു..
യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന നിഷാദ്, സുഹൃത്തുക്കളോടൊപ്പം നിരവധി ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പരിമിതമായ വരുമാനത്തിലും തന്റെ ഇഷ്ടപെട്ട യാത്രകൾക്കായി പണം കണ്ടെത്താൻ അവൻ എന്നും ഉത്സാഹിച്ചിരുന്നു. ഒരു അന്താരാഷ്ട്ര യാത്ര കൂടി സുഹൃത്തുക്കൾ പ്ലാൻ ചെയ്തിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്..
ആറും രണ്ടും വയസ്സുള്ള 2 പിഞ്ചുമക്കളെയും, പ്രിയതമയെയും തനിച്ചാക്കിയാണ് നിഷാദിന്റെ മടക്കം. 'സ്വർഗ്ഗത്തിന്റെ കവാടത്തിൽ ഞങ്ങൾക്കായി കാത്തിരിക്കണം' എന്ന സുഹൃത്തുക്കളുടെ വാക്കുകൾ വിങ്ങലായി മാറുകയാണ്. ചികിത്സാ ചെലവിനായി സുഹൃത്തുക്കൾ ഒത്തൊരുമിച്ച് പണം സമാഹരിച്ചെങ്കിലും, ആ സ്നേഹത്തണലിലേക്ക് മടങ്ങിവരാനാകാതെ നിഷാദ് അന്ത്യയാത്രയായി...

Comments
Post a Comment