പുതിയൊരു ജീവിതം സ്വപ്നം കണ്ടവൾക്ക് മുൻഭർത്താവിന്റെ പക,
ഹൈദരാബാദ്: വ്യക്തിവൈരാഗ്യത്തെ തുടർന്ന് മുൻഭാര്യയെ ഐടി ഉദ്യോഗസ്ഥൻ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്ക് കുത്തി ജീവനെടുത്തു. കാനഡയിൽ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവാണ് 29 കാരിയായ മുൻഭാര്യയെ ക്രൂരമായി ഇല്ലാതാക്കിയത്. യുവതി 3 മാസം ഗർഭിണിയായിരുന്നുവെന്ന് രണ്ടാം ഭർത്താവ് ആരോപിച്ചു..
യുവതി നൽകിയ ഗാർഹിക കേസിനെ തുടർന്ന് പ്രതിയുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതുമൂലം ഇയാൾക്ക് കാനഡയിലെ ജോലിയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തന്റെ കരിയർ തകരാനും അമ്മയുടെ മരണത്തിനും കാരണം മുൻഭാര്യയാണെന്ന ഉറച്ച വിശ്വസമാണ് പ്രതിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്.
കൃത്യം നടത്താനായി പ്രതി മാസങ്ങളോളം ആസൂത്രണം നടത്തിയതായി പോലീസ് പറഞ്ഞു. യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് താമസസ്ഥലം കണ്ടെത്തിയത്. കഴിഞ്ഞ 2 മാസമായി ഹൈദരാബാദിലെ ഹോസ്റ്റലിൽ താമസിച്ച് യുവതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. 2 കത്തികൾ, ഡ്രില്ലിംഗ് മെഷീൻ, 5 ലിറ്റർ പെട്രോൾ എന്നിവ അടങ്ങിയ ബാഗുമായാണ് ബുധനാഴ്ച ഇയാൾ യുവതിയുടെ അപ്പാർട്ട്മെന്റിലെത്തിയത്...
യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അവരെ മുറിക്കുള്ളിലാക്കി അകത്തുനിന്ന് പൂട്ടി. തുടർന്ന് കത്തി ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ചു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം നടക്കുമ്പോൾ യുവതിയുടെ അമ്മായിയമ്മ ബാൽക്കണിയില്‍ ആയിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെക്കണ്ട് പ്രതി പെട്രോൾ ഒഴിച്ച് മുറിക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ ഒളിച്ചു. ഏറെ നേരത്തെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ പോലീസ് കീഴടക്കിയത്..
2022-ല്‍ വിവാഹിതരായ ഇവർ കാനഡയിലേക്ക് മാറിയിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് യുവതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 2024-ൽ വിവാഹമോചനം നേടിയ യുവതി, 2025 ഏപ്രിലിൽ രണ്ടാമതും വിവാഹിതയായി. യുവതിയുടെ ഗർഭാവസ്ഥയെക്കുറിച്ചുള്ള കാര്യത്തിൽ വിശദമായ റിപ്പോർട്ട് വന്നാലേ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു..

Comments
Post a Comment