പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ആ സ്നേഹനിധിയായ അമ്മ യാത്രയായി
പയ്യപ്പാടി: പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി, വിധി തട്ടിയെടുത്ത 2 പ്രിയപ്പെട്ടവരുടെ വേർപാടിൽ വിങ്ങുകയാണ് പയ്യപ്പാടി ഗ്രാമം. അജേഷ് ടി. മാത്യുവിന്റെ ഭാര്യ ഗീത അജേഷും, മകൻ ഏബൽ ടി. അജേഷും അന്തരിച്ചു. ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ തവളക്കുഴിയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു..
മകൻ ഏബലിന്റെ ഉപരിപഠന ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു ആ കുടുംബത്തെ ഒന്നടങ്കം തകർത്ത അപകടം സംഭവിച്ചത്. അജേഷും ഭാര്യയും മക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അജേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, കുടുംബത്തിലെ മറ്റുള്ളവർക്ക് കഠിനമായ പരിക്കുകളാണ് ഏറ്റത്..
നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലായിരുന്ന ഏബലിനെ രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ ഏബൽ നേരത്തെ യാത്രയായി. മകന്റെ വേർപാട് അറിയാതെ, പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മാതാവ് ഗീതയും ഒടുവിൽ മരണത്തിന് കീഴടങ്ങി. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ആ സ്നേഹനിധിയായ അമ്മ യാത്രയായത്...
2 കാലുകളും ഒടിഞ്ഞ് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന മകൾ എയ്ഞ്ചലിന് ഈ ദുരന്തവാർത്ത താങ്ങാവുന്നതിലും അധികമാണ്. കുടുംബത്തിന്റെ തൂണായിരുന്ന ഭാര്യയെയും ഏക മകനെയും ഒരേസമയം നഷ്ടപ്പെട്ട അജേഷിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നാട് പകച്ചുനിൽക്കുന്നു..

Comments
Post a Comment