മകൻ മടങ്ങിയത് ഒരു നാടിന് തണലായി; കണ്ണീർ ഉണങ്ങാത്ത മനസ്സിൽ നിന്ന് അപരന്റെ ജീവനുവേണ്ടി ഒരു ആംബുലൻസ്
ചിതറ: അകാലത്തിൽ പൊലിഞ്ഞുപോയ മകൻ്റെ ഓർമ്മകളെ ഒരു നാടിന് മുഴുവൻ തണലാക്കി മാറ്റി ഒരു പിതാവ്. കൊല്ലം ചിതറ സ്വദേശിയായ നിസാമുദ്ദീനാണ് തൻ്റെ മകൻ അഫ്സലിൻ്റെ സ്മരണയ്ക്കായി 'അഫ്സൽ ആംബുലൻസ് സർവീസ് ' എന്ന പേരിൽ ആംബുലൻസ് നാടിന് സമർപ്പിച്ചത്..
2023ല് ആയിരുന്നു നിസാമുദ്ദീൻ, റസിയ ദമ്പതികളുടെ ഇളയ മകൻ അഫ്സൽ ബൈക്ക് അപകടത്തിൽ മരിക്കുന്നത്. ചിതറ കല്ലുവെട്ടാംകുഴിയിൽ വെച്ച് അഫ്സൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ചായിരുന്നു അപകടം. പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കെയായിരുന്നു അഫ്സലിൻ്റെ മരണം. അന്ന് അഫ്സലിനൊപ്പമുണ്ടായിരുന്ന 19 വയസ്സുകാരനായ അയൽവാസിയും ഈ അപകടത്തിൽ മരണപ്പെട്ടിരുന്നു..
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ് നിസാമുദ്ദീൻ്റേത്. കൃഷിപ്പണിയും, കൂലിപ്പണിയും ചെയ്താണ് അദ്ദേഹം ഉപജീവനം കണ്ടെത്തുന്നത്. എന്നാൽ മകൻ്റെ വിയോഗത്തിന് ശേഷം മറ്റൊരാൾക്കും കൃത്യസമയത്ത് ചികിത്സ കിട്ടാതെ പോകുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ദൃഢനിശ്ചയത്തിലാണ് ഒരു ആംബുലൻസ് വാങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെടുന്ന നിസാമുദ്ദീന് സ്വന്തമായി ഒരു ആംബുലൻസ് വാങ്ങുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ, കൃത്യസമയത്ത് ചികിത്സ കിട്ടാതെ മറ്റൊരു കുടുംബത്തിലും ഇത്തരം കണ്ണീർ വീഴരുത് എന്ന ദൃഢനിശ്ചയം ആ പിതാവിനെക്കൊണ്ട് അത് സാധിച്ചെടുത്തു. തൻ്റെ വിയർപ്പിന്റെ വിലയായ സമ്പാദ്യമെല്ലാം ചേർത്തുപിടിച്ചാണ് അദ്ദേഹം ഈ ജീവൻരക്ഷാ വാഹനം വാങ്ങിയത്.
'മകൻ്റെ ഓർമ്മകൾ സജീവമാക്കി നിർത്താൻ ആംബുലൻസിന് പുറത്ത് അഫ്സലിൻ്റെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരെയാണ് ഇതിൻ്റെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സേവനത്തിന് 2 പ്രധാന നിബന്ധനകളാണ് നിസാമുദ്ദീൻ മുന്നോട്ട് വെച്ചിട്ടുള്ളത്.. സാധാരണക്കാർക്ക് താങ്ങാനാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കാവൂ, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് പണമില്ലാത്തതിൻ്റെ പേരിൽ ചികിത്സാ സഹായം നിഷേധിക്കപ്പെടരുത്.'
'ഞാനും എൻ്റെ ഭാര്യയും ഇപ്പോഴും മകന് വേണ്ടിയാണ് ജീവിക്കുന്നത്. എൻ്റെ മകൻ്റെ ഓർമ്മകൾ ഈ നാട്ടിൽ നിലനിൽക്കണം, അതോടൊപ്പം മറ്റൊരാൾക്കും ഈ ഗതി വരാതിരിക്കാൻ ഇത് ഉപകരിക്കണം' - നിസാമുദ്ദീൻ

Comments
Post a Comment