കാലുകൾ പൊട്ടി ചോരയൊലിച്ചിട്ടും അവൾ നിർത്തിയില്ല ; ഒൻപത് പകലും ഒൻപത് രാവും നിർത്താതെ നൃത്തം ചെയ്ത് ലോക റെക്കോഡ് സ്വന്തമാക്കി ദീക്ഷ
തുടർച്ചയായി 216 മണിക്കൂർ നൃത്തം ചെയ്ത് ഭാരതീയ കലാലോകത്തിന് അഭിമാനമായി മാറിയ ഒരു പെൺകുട്ടി! കർണാടകയിലെ ഉഡുപ്പി സ്വദേശിനിയായ വിദുഷി ദീക്ഷയാണ് നിർത്താതെ നൃത്തം ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഒൻപത് പകലും ഒൻപത് രാവും തളരാതെ നൃത്തം ചെയ്താണ് ഈ അപൂർവ്വ നേട്ടം ദീക്ഷ സ്വന്തമാക്കുന്നത്.
ഉഡുപ്പി അജ്ജർകാട് ഡോ. ജി. ശങ്കർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഈ പ്രകടനത്തിലൂടെ മംഗളൂരു സ്വദേശിനി റെമോണ ഈവെറ്റ് പെരേരയുടെ 170 മണിക്കൂർ എന്ന മുൻ റെക്കോർഡാണ് ദീക്ഷ തകർത്തത്. മണിപ്പാലിലെ 'രത്ന സഞ്ജീവ കലാമണ്ഡല'യുടെ നേതൃത്വത്തിൽ നവരസങ്ങളെ ആസ്പദമാക്കി നടത്തിയ ഈ പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഒൻപത് ദിവസം ഉറക്കമില്ലാതെ, നിശ്ചിത ഇടവേളകൾ മാത്രം എടുത്തുകൊണ്ട് നടത്തിയ ഈ പ്രയത്നത്തിന് ഒടുവിൽ 'ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്' അധികൃതർ ദീക്ഷയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.
ഉഡുപ്പി ബ്രഹ്മവാർ സ്വദേശിനിയും ബി.എഡ് വിദ്യാർത്ഥിനിയുമായ ദീക്ഷ, വിദ്വാൻ ശ്രീധർ റാവുവിന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. ഭരതനാട്യത്തിന് പുറമെ യക്ഷഗാനം, വീണ, ചെണ്ട എന്നിവയിലും ഈ മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാരതീയ ക്ലാസിക്കൽ നൃത്തത്തിന്റെ ശക്തിയും അർപ്പണബോധവും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതിയ ദീക്ഷയ്ക്ക് നമുക്കേവർക്കും അഭിനന്ദനങ്ങൾ അറിയിക്കാം.

Comments
Post a Comment