രണ്ടര മാസം മാത്രം നീണ്ട മധുവിധു... അഷ്നയെ തനിച്ചാക്കി സുധി യാത്രയായി, ഒരിക്കലും തിരിച്ചു വരാത്ത ദൂരങ്ങളിലേക്ക്!
കല്യാണം കഴിഞ്ഞിട്ട് വെറും രണ്ടരമാസം മാത്രമേ ആയിട്ടുള്ളൂ, ഒരമിച്ച് ജീവിച്ചു തുടങ്ങിയ നാളുകൾ. പ്രിയതമയെ തനിച്ചാക്കി അവന്‍ യാത്രയായത് പ്രവാസ ലോകത്തേക്കല്ല, ഒരിക്കലും തിരിച്ചു വരാത്ത ദൂരങ്ങളിലേക്ക്...
പോത്തൻകോട്: മനസ്സ് നിറയെ സ്വപ്നങ്ങളും കണ്ണ് നിറയെ പ്രിയതമയുടെ മുഖവുമായി പ്രവാസലോകത്തേക്ക് മടങ്ങാനിരുന്ന സുധിക്ക് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞ് വെറും രണ്ടര മാസം മാത്രം പിന്നിടുമ്പോൾ, ഒരു ദാരുണമായ വാഹനാപകടം ആ ദാമ്പത്യത്തിന് തിരശ്ശീല വീഴ്ത്തിയിരിക്കുന്നു. പ്രിയതമ അഷ്നയെ കണ്ണീർക്കടലിലാക്കി സുധി എസ്. സുലൈ യാത്രയായി 28 വയസ്സായിരുന്നു..
ഒമാനിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സുധി, തന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ നവംബർ 23ന് ആയിരുന്നു അടൂർ സ്വദേശിനി അഷ്നയുമായുള്ള വിവാഹം. കഴിഞ്ഞ ചൊവ്വാഴ്ച മടങ്ങേണ്ടിയിരുന്ന സുധി, പ്രിയപ്പെട്ടൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് യാത്ര ഫെബ്രുവരി 12ലേക്ക് മാറ്റിവെച്ചത്. എന്നാൽ ആ സ്നേഹനിർബന്ധം തന്റെ ജീവിതം കവർന്നെടുക്കുമെന്ന് അവന്‍ അറിഞ്ഞിരുന്നില്ല..
വ്യാഴാഴ്ച രാത്രി സുഹൃത്തുക്കളെ കണ്ട് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ, 'തിരികെ വരാൻ അല്പം വൈകും' എന്ന് സുധി പറഞ്ഞിരുന്നു. പക്ഷേ, കാത്തിരുന്ന വീട്ടുകാർക്ക് മുന്നിലെത്തിയത് പ്രിയപ്പെട്ടവന്റെ മരണ വാർത്തയായിരുന്നു..
വെട്ടുറോഡ് മേലെ ചന്തവിളയിൽ വെച്ച് പുലർച്ചെ ഒരു മണിയോടെയാണ് സുധി സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. മിൽമയുടെ പാൽ വാനുമായി കൂട്ടിയിടിച്ച ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ പോലീസ് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാന്‍ ആയില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഹാഷിർ മരണത്തോടു മല്ലിട്ട് ആശുപത്രിയിൽ തുടരുകയാണ്..
കണിയാപുരം വാടയിൽമുക്ക് ക്രിസന്റ് ഹൗസിൽ സുലൈമാന്റെയും, ഷൈലജയുടെയും മകനായ സുധി നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. അഷ്നയുമായി ചേർന്ന് പ്രവാസ മണ്ണിൽ പടുത്തുയർത്താൻ ആഗ്രഹിച്ച സ്വപ്നങ്ങളൊക്കെയും പാതിവഴിയിൽ ഇല്ലാതായി. മധുവിധു തീരും മുൻപേ സുധി വിടപറഞ്ഞത് ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്..
അടൂരിൽ നിന്നും പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച അഷ്നയെ ആശ്വസിപ്പിക്കാൻ ഇന്ന് ആർക്കും വാക്കുകളില്ല.. വിധി ഒരുക്കിയ ക്രൂരമായ യാദൃശ്ചികതയിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് പോത്തൻകോട്ടെ ആ റോഡരികിൽ പൊലിഞ്ഞത്..

Comments
Post a Comment