ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം: മണ്ണുമായി രാജൻ വർക്കി താലൂക്ക് വികസന സമിതി യോഗത്തിലെത്തി

 


ചക്കിട്ടപാറ: മലയോര ഹൈവേ നിർമ്മാണം തടസപ്പെട്ട ചക്കിട്ടപാറ ടൗണിൽ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് ആര്, എന്നു് അറുതി വരുത്തുമെന്ന ചോദ്യം രേഖപ്പെടുത്തിയ പ്ലക്കാർഡ് ധരിച്ച് ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജൻ വർക്കി മൺ ശേഖരവുമായി ബുധനാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസനസമിതി യോഗത്തിലെത്തി. മണ്ണ് യോഗ കൺവീനറായ തഹസിൽദാർക്ക് കൈമാറി. ഇത് കേരളാ റോഡ് ഫണ്ട് ബോർഡിനും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും കുഴിയുടെ സൃഷ്ടാക്കൾക്കുമായി വീതിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് 2025 ഓഗസ്റ്റ് 5 നാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ടൗണിൽ രണ്ടിടത്തായി ഗർത്തമുണ്ടാക്കിയത്. കുഴിമൂടാൻ ഇവർ ആരെയും അനുവദിച്ചില്ല. പുതിയ ഭരണ സമിതി കെ.ആർ.എഫ്.ബി യുമായി ചേർന്നു 2 കുഴികളും കഴിഞ്ഞ മാസം മൂടിയെങ്കിലുംഇത് പിറ്റേന്ന് തന്നെ ആദ്യം കുഴിയുണ്ടാക്കിയവർ പരസ്യമായി ജെ.സി.ബി വെച്ച് തുറന്നു. ടൗണിൽ റോഡിൻ്റെ വീതി ശരിയായി നിർണയിച്ചു വേണം ഹൈവേ നിർമ്മിക്കാനെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കളക്ടർ, തഹസിൽദാർ, താലൂക്ക് സർവെയർ, കെ.ആർ.എഫ്.ബി, ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കേസിൽ ഇവരോ ഇവരുടെ വക്കീലോ കോടതിയിൽ ഇതുവരെ ഹാജരായിട്ടില്ല. ഇക്കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു കേസിൻ്റെ ഒരു അവധി. ഇതിൽ ചക്കിട്ടപാറ പഞ്ചായത്തിൻ്റെ വക്കീൽ ഹാജരാവുമെന്ന് വൈസ് പ്രസിഡൻ്റ് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിരുന്നെങ്കിലും നടപ്പിലായില്ല. സുതാര്യമായി നടത്തേണ്ട കാര്യങ്ങൾക്ക്‌ എതിര് നിന്ന് അധികാരികൾ പൊതു ജനങ്ങളെ ദ്രോഹിക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് മണ്ണുമായി സമിതിയിലെത്തിയതെന്നു് രാജൻ വർക്കി യോഗത്തിൽ അറിയിച്ചു. ഈ പ്രശ്നത്തിൽ തനിക്ക് റോളില്ലെന്ന് തഹസിൽദാർ മറുപടി നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി