ഇത്ര നേരത്തെ പിരിയുമെന്ന് കരുതിയില്ലടാ, നിന്നെ ആശുപത്രിയിലേക്ക് വാരിയെടുത്ത് ഓടുമ്പോഴും അറിഞ്ഞില്ല, നീ മടങ്ങിവരില്ലെന്ന്.
സൗഹൃദത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് ജിതിൻജോയ് പുത്തൻ. തന്റെ പ്രിയസുഹൃത്ത് എബെയ്‌ന്റെ അപ്രതീക്ഷിത വേർപാടിൽ ഉള്ളുരുകി ജിതിൻ എഴുതിയ കുറിപ്പ് ഇന്ന് വായനക്കാരുടെ കണ്ണുനിറയ്ക്കുകയാണ്.. വെറുമൊരു സുഹൃത്തായല്ല, മറിച്ച് സ്വന്തം വീട്ടിലെ ഒരംഗമായി, ഒരു കൂടപ്പിറപ്പായി മാറിയ എബെയ്‌നെയാണ് ജിതിൻ ഓർത്തെടുക്കുന്നത്..
എഞ്ചിനീയറിംഗ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ക്ലാസ് മുറിയിലെ ഒരേ ബെഞ്ചിൽ തുടങ്ങിയ ആ ബന്ധം പിന്നീട് ജീവിതത്തിലെ എല്ലാ യാത്രകളിലും ആഘോഷങ്ങളിലും പടർന്നു പന്തലിച്ചു. പരീക്ഷാക്കാലത്ത് സ്വന്തം വീട്ടിൽ കൊണ്ടുപോയി ഇരുത്തി പഠിപ്പിച്ചും, ഏത് പ്രതിസന്ധിയിലും തളരാതെ കൂടെനിന്നും എബെയ്ൻ ഒരു വലിയ കരുത്തായിരുന്നുവെന്ന് ജിതിൻ സാക്ഷ്യപ്പെടുത്തുന്നു.. പഠനം കഴിഞ്ഞിട്ടും ആ ബന്ധത്തിന് മാറ്റമൊന്നും വന്നില്ല. അടൂരിലെത്തിയാൽ എബെയ്‌നെ കാണാതെ ജിതിൻ മടങ്ങാറില്ലായിരുന്നു..
എപ്പോഴും തമാശകൾ പറയുന്ന, മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകൃതമായിരുന്നു എബെയ്‌ന്റേത്. തന്റെ സ്കൂളിനെപ്പറ്റിയും, പള്ളിയിലെ യുവജന പ്രസ്ഥാനത്തെപ്പറ്റിയുമൊക്കെ വലിയ വാചാലതയോടെ സംസാരിച്ചിരുന്ന എബെയ്ൻ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് യാത്രയായത്..
എറണാകുളത്ത് ഒരുമിച്ച് കഴിഞ്ഞിരുന്ന സമയത്താണ് എബെയ്‌നെ അസുഖം പിടികൂടുന്നത്. അന്ന് അവനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോഴും ഇത് ഒരു നിത്യവേർപാടായി മാറുമെന്ന് ജിതിൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. ആശുപത്രിയിലെ ഐ.സി.യുവിന് മുന്നിൽ തന്റെ പഴയ സുഹൃത്ത് ചിരിച്ചുകൊണ്ട് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയപ്പെട്ടവരെല്ലാം..
നീയില്ലാത്ത നാളുകൾ എങ്ങനെ അതിജീവിക്കും എന്നറിയില്ല. നിന്റെ അവസാന യാത്ര കാണാൻ ഞാൻ വരില്ല, ചിരിച്ചുനിൽക്കുന്ന നിന്റെ മുഖം മതി എനിക്ക് എന്നും ഓർക്കാൻ.' ജിതിൻ തന്റെ കുറിപ്പിൽ കുറിച്ചു..
സൗഹൃദത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഈ വരികൾ സോഷ്യൽ മീഡിയയിൽ പലരുടെയും നൊമ്പരമായി മാറുകയാണ്. മരണമില്ലാത്ത ഓർമ്മകളിലൂടെ എബെയ്ൻ എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പോടെയാണ് ജിതിൻ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്..

Comments
Post a Comment