പദ്ധതികൾക്ക് അന്തിമരൂപമായി; കൂരാച്ചുണ്ട് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് പാരീഷ് ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനകീയ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് സെമിനാർ പ്രാധാന്യം നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ കർമ്മപദ്ധതികളെക്കുറിച്ച് അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ വിശദീകരിച്ചു.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി അബ്രാഹം, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ. അമ്മത് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ആൻസമ്മ എൻ.ജെ, അഡ്വ. വി.കെ. ഹസീന, പ്രബീഷ് താളിയോത്ത്, ജോസ് വെളിയത്ത്, സണ്ണി ജോസഫ്, റസീന യൂസഫ്, ജലീൽ കുന്നുംപുറത്ത്, എൻ.കെ. കുഞ്ഞമ്മത്, ബിന്ദു ആനിക്കാട്ട്, പ്ലാനിങ്ങ് റിസോഴ്സ് പേഴ്സൺ സന്ദീപ് കളപ്പുരക്കൽ തുടങ്ങിയവർ വികസന നിർദ്ദേശങ്ങൾ സമർപ്പിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുത്തു
.


Comments
Post a Comment