ഏത് സാഹചര്യത്തിലും പൊരുതി നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇന്ന് യദുവിന്റേത്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഒരുപക്ഷേ കേരളക്കര അത്ര പെട്ടെന്ന് മറക്കാനിടയില്ല. നിയമപോരാട്ടങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ ആ ദിവസങ്ങൾ യദുവിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. കെഎസ്ആർടിസി ബസിനുള്ളിൽ തുടങ്ങിയ ആ തർക്കം ഒടുവിൽ കോടതിയുടെ പടിവാതിൽ വരെ എത്തി നിൽക്കുകയാണ്.
എന്നാൽ വാർത്തകൾ അടങ്ങിയപ്പോഴും യദുവിന് മുന്നിൽ ചോദ്യങ്ങൾ ബാക്കിയായിരുന്നു. സസ്പെൻഷനും തുടർന്നുണ്ടായ നടപടികളും കാരണം കെഎസ്ആർടിസി ജോലിയിൽ നിന്നും യദുവിന് വിട്ടുനിൽക്കേണ്ടി വന്നു. ഓരോ തവണയും ബസ് ഓടിക്കാൻ ശ്രമിക്കുമ്പോഴും തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും ആവർത്തിച്ചു. കെഎസ്ആർടിസിയിൽ നിന്നും പുറത്തായ യദു പിന്നീട് ജീവിക്കാൻ വേണ്ടി സ്വകാര്യ ബസ്സുകളിൽ ഡ്രൈവറായി ജോലിക്ക് കയറി. പക്ഷേ യദു ഓരോ വണ്ടിയിൽ കയറുമ്പോഴും പിന്നാലെ ആർടിഒയും പോലീസും എത്തും. ഒരു കാരണവുമില്ലാതെ വണ്ടി പിടിച്ചിടുക, ടാർഗറ്റ് ചെയ്യുകയായിരുന്നുവെന്നു യദു പറഞ്ഞു.
പക്ഷേ പിന്മാറാൻ യദു തയ്യാറല്ല. വണ്ടി ഓടിക്കാൻ സമ്മതിക്കില്ലേ? എങ്കിൽ സൈക്കിളിലായാലും ഞാൻ കുടുംബം നോക്കും എന്ന വാശിയിലാണ് അവൻ ഇന്ന് സ്വിഗ്ഗി ഡെലിവറി ബോയ് ആയി മാറിയിരിക്കുന്നത്.
യദുവിന്റെ വാക്കുകൾ ഇങ്ങനെ
"ഏത് ജോലിയാണെങ്കിലും അത് ചെയ്യാനുള്ള മനസ്സ് മതി. ഇതില്ലെങ്കിൽ അടുത്ത ജോലി നോക്കും, നമ്മൾ തളരാൻ പാടില്ല. കെഎസ്ആർടിസിയിൽ കിട്ടുന്നതിനേക്കാൾ ഭേദപ്പെട്ട വരുമാനം ഇപ്പോൾ സ്വിഗ്ഗിയിൽ നിന്ന് കിട്ടുന്നുണ്ട്."
അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട ഡ്രൈവർ എന്ന ലേബലിനപ്പുറം, ഏത് സാഹചര്യത്തിലും പൊരുതി നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇന്ന് യദുവിന്റേത്. ജീവിതം നമ്മളെ എവിടെ കൊണ്ടെത്തിച്ചാലും, വീണ ഇടത്തുനിന്ന് എഴുന്നേറ്റ് നടക്കാനുള്ള കരുത്ത് വേണമെന്ന് യദു കാണിച്ചുതരുന്നു.

Comments
Post a Comment