മൊബൈല്‍ ബാറ്ററി വായയ്ക്കുള്ളിലിട്ട് കടിച്ചു; മിന്നല്‍ വേഗത്തില്‍ പൊട്ടിത്തെറി
മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കൈകാര്യം ചെയ്യുന്നതിലെ ചെറിയൊരു അശ്രദ്ധ പോലും എത്രത്തോളം വലിയ ദുരന്തത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന നടുക്കുന്നൊരു സംഭവം ഇന്ത്യയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ അരങ്ങേറി.
സർവീസ് സെന്‍ററിലെത്തിയ ഒരു ബാലൻ കയ്യിലിരുന്ന ലിഥിയം അയോണ്‍ ബാറ്ററി അപ്രതീക്ഷിതമായി വായയ്ക്കുള്ളില്‍ വെച്ച് കടിച്ചത് നിമിഷനേരം കൊണ്ട് വലിയൊരു സ്ഫോടനത്തിലാണ് കലാശിച്ചത്. കടയിലെ സിസിടിവി ദീശ്യങ്ങളില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ലിഥിയം ബാറ്ററികളുടെ അപകടസാധ്യതകളെക്കുറിച്ച് ഗൗരവകരമായ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
ബാറ്ററിയുടെ പുറംകവചത്തില്‍ കടിച്ചതോടെ അതിനുള്ളിലെ രാസപദാർഥങ്ങള്‍ക്ക് വായുസമ്പർക്കം വരികയും സെക്കന്‍റുകള്‍ക്കുള്ളില്‍ അതിശക്തമായ തീജ്വാലകളും പുകയും ഉയരുകയും ചെയ്തു.
ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന 'തെർമല്‍ റണ്‍വേ' എന്ന പ്രതിഭാസമാണ് ഇവിടെ വില്ലനായത്. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും വായയിലും മുഖത്തും സാരമായ പൊള്ളലേറ്റതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വലിയ തരംഗമായതോടെ കുട്ടിയുടെ വിവേകശൂന്യമായ പ്രവൃത്തിയെ വിമർശിച്ചും ഇത്തരം കാര്യങ്ങളിലെ അറിവില്ലായ്മയെ പരിഹസിച്ചും നിരവധി കമന്‍റുകളാണ് ഉയരുന്നത്.
വെറുമൊരു കൗതുകത്തിന് മുതിർന്നതാകാം ഇതെന്ന് പലരും സംശയിക്കുന്നു. ലിഥിയം ബാറ്ററികള്‍ വെറും കളിപ്പാട്ടങ്ങളല്ലെന്നും അവയില്‍ അടങ്ങിയിരിക്കുന്ന വൻതോതിലുള്ള ഊർജ്ജം ബോംബിന് സമാനമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സ്മാർട്ട്ഫോണുകളില്‍ സർവ്വസാധാരണമായി കാണുന്ന ഇത്തരം ബാറ്ററികള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുതിർന്നവരും കുട്ടികളും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ബാറ്ററികള്‍ വായയ്ക്കുള്ളില്‍ വെക്കുകയോ മൂർച്ചയുള്ള വസ്തുക്കള്‍ കൊണ്ട് കുത്തുകയോ ചെയ്യുന്നതും വീർത്ത നിലയിലുള്ള ബാറ്ററികള്‍ ഉപയോഗിക്കുന്നതും അതീവ അപകടകരമാണ്.ചൂടേറിയ സ്ഥലങ്ങളിലും നനവുള്ള ഇടങ്ങളിലും ഇവ സൂക്ഷിക്കരുത്. ഉപയോഗശൂന്യമായ ബാറ്ററികള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ശരിയായ രീതിയില്‍ പുനരുപയോഗ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്.

Comments
Post a Comment