ആലിൻ ഷെറിൻ ഇനി ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്.. 10 മാസം മാത്രം പ്രായമുള്ള കുഞ്ഞുമോളുടെ അവയവങ്ങൾ ദാനം ചെയ്യും
പക്ഷേ, ആയുസ്സിന്റെ പുസ്തകത്തിൽ വെറും പത്തു മാസങ്ങൾ മാത്രം എഴുതപ്പെട്ട ആലിൻ ഷെറിൻ എബ്രഹാം എന്ന ഈ പെൺകുഞ്ഞ് ഇന്ന് കേരളത്തിന്റെയാകെ കണ്ണീരും പ്രാർത്ഥനയുമാവുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളുടെ കരളുറപ്പുള്ള ആ തീരുമാനം ഇന്ന് അഞ്ചു പേർക്കാണ് പുതിയ ജീവിതം നൽകുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന നോവുന്ന ഓർമ്മയായി ആലിൻ മാറിക്കഴിഞ്ഞു.
റോഡപകടത്തിന്റെ രൂപത്തിൽ വന്ന മരണം ആ കുഞ്ഞു ജീവനെ തട്ടിയെടുത്തപ്പോൾ, മസ്തിഷ്ക മരണം സ്ഥിരീകരിച്ച ആ നിമിഷം... ഏതൊരു മാതാപിതാക്കളും തകർന്നു പോകുന്ന സമയം. പക്ഷേ, സ്വന്തം കുഞ്ഞിന്റെ വേർപാടിലും മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കണമെന്ന് ആ അച്ഛനും അമ്മയും ആഗ്രഹിച്ചു. ആലിന്റെ കുഞ്ഞു വൃക്കകൾ ഇനി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10 വയസ്സുള്ള ഒരു കുട്ടിയിൽ തുടിക്കും.
"അവൾ മരിച്ചിട്ടില്ല, അവൾ ഈ ലോകത്ത് ആരെങ്കിലുമൊക്കെയായി ജീവിക്കുന്നുണ്ട്" എന്ന സമാധാനത്തിൽ ആ മാതാപിതാക്കൾക്ക് ഇനി തലയുയർത്തി നിൽക്കാം. തന്റെ കുഞ്ഞു മകൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ യാത്രയയപ്പാണ് അവർ നൽകിയത്. മരണമെടുത്തത് ആലിന്റെ ശരീരത്തെ മാത്രമാണ്, അവളുടെ സ്നേഹം ഇനിയും അഞ്ചു പേരിലൂടെ ഇവിടെ ബാക്കിയുണ്ടാകും. നൊമ്പരത്തോടൊപ്പം വലിയൊരു അഭിമാനവുമാണ് ഈ കുഞ്ഞുമാലാഖ. ഈ തീരാനഷ്ടത്തിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഒപ്പം, അവയവദാനമെന്ന മഹത്തായ കർമ്മത്തിലൂടെ മാതൃകയായ ആ മാതാപിതാക്കൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. 🌹 🙏

Comments
Post a Comment