"സ്നേഹത്തിന് മാത്രമേ വീടിനെയും നാടിനെയും സ്വന്തമെന്ന് കരുതാൻ കഴിയൂ എന്ന പാഠം പകർന്ന് കടന്നുപോയ സ്നേഹനിധിയായ അദ്ധ്യാപകൻ;" fr. മനീഷ് പാലത്തും തലക്കൽ, ഇന്ന് അന്തരിച്ച കണ്ടിരിക്കൽ പൗലോസ് സാറിനെ അനുസ്മരിക്കുന്നു
കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്ക്കൂൾ അദ്ധ്യാപകൻ പിന്നീട് പ്രധാന അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രഗത്ഭൻ. അദ്ധ്യാപകൻ എന്ന വാക്കിന് രുചിയേറുന്നത് ഗുരുവാകുമ്പോഴാണ്. ഗുരുവിന് സ്നേഹിതൻ, വാത്സല്യ നിധി, വെളിച്ചം, വഴി, പ്രചോദനം, നേതാവ്, പിതാവ് / മാതാവ് എന്ന വിശാലമായ അർത്ഥത്തിൽ വിശേഷണങ്ങൾ നൽകാം എന്ന് പൂർണ്ണ അർത്ഥത്തിൽ മനസ്സിലായത് സാറുമായി ഇടപഴകിയപ്പോഴാണ്.
കാണുമ്പോൾ കുശലം പറയുകയും സ്നേഹത്തോടെ ചേർത്തുപിടിക്കുകയും വാത്സല്യം പ്രകടിപ്പിക്കുകയും ഒരു പുഞ്ചിരിയോടെ കടന്നുപോകുകയും ചെയ്യുന്ന സ്നേഹിതനായ ഗുരു. 7-ാം ക്ലാസ്സിൽ സാറിന്റെ വിഷയത്തിന് ക്ലാസ്സിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ ക്ലാസ്സിൽ സമ്മാനം തന്ന് ആദരിക്കുകയും ക്ലാസ്സെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത് വലിയ അംഗീകാരമായി അന്നും ഇന്നും അനുഭവപ്പെടുന്നു. സ്നേഹത്തിന് മാത്രമേ വീടിനെയും നാടിനെയും സ്വന്തമെന്ന് കരുതാൻ കഴിയൂ എന്ന പാഠം പകർന്ന് കടന്നുപോയ സ്നേഹനിധി. അന്ന് നാടും വീടും വിദ്യാലയവും ഒന്നാണെന്നും നമ്മൾ എന്നും സ്വന്തം എന്നും കൂടെയുള്ളവർ കൂടപിറപ്പുകളെന്നും സ്നേഹപൂർവ്വമായ സമീപനവും വാത്സല്യവും ശിക്ഷണവും സ്നേഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും എത്രയോ ഗൃഹാതുരസ്മരണകൾ ഉണർത്തുന്നതാണെന്നും സാറിന്റെ ജീവിതം വരച്ചു വയ്ക്കുന്നു.
നോവ് സുഖമുള്ള നോവാണെന്നും ശിക്ഷ സുരക്ഷയാണെന്നും തിരുത്തൽ വളർത്തലാണെന്നും സാറേ ഇന്ന് തിരിച്ചറിയുന്നു. നിയോഗം എന്താണെന്ന് തിരിച്ചറിയുക എന്നതാണ് സത്യത്തിൽ ജീവിത ലക്ഷ്യം. നിയോഗം കണ്ടെത്തിയാൽ ആദർശം താനേ കൈവരും. നിയോഗം ഉള്ളിലെ തീപ്പൊരിയാണ്. ആ തീപ്പൊരിയെ ആറാതെ കെടാതെ കാത്തുസൂക്ഷിക്കുന്നവനാണ് ഗുരു. വൈദികനാവുക എന്ന ഉൾവിളി ദൈവവിളിയായി മാറാൻ നിരന്തര പ്രോൽസാഹനമായി കാണുമ്പോൾ കുശലം ചോദിച്ചും പ്രോൽസാഹന വാക്കുകൾ പറഞ്ഞും കൂടെ നിന്ന സാറിന്റെ മുഖം എന്നും സ്ഫടിക സമം കണ്ണാടി കണക്കെ കൺമുമ്പിലുണ്ടാകും എന്ന ഉറപ്പുണ്ട്.
മരിച്ചാലും മരിക്കില്ല. കടന്നുപോയാലും കൂടെയുണ്ട്. സ്നേഹപൂർവ്വമായ സമീപനം, പ്രോത്സാഹനം നിറഞ്ഞ വാക്ക്, നിറപുഞ്ചിരി എന്നിവ സമ്മാനത്തേക്കാൾ വിശിഷ്ടമാണ്. നിത്യം നിലനിൽക്കുന്ന, നിലനിർത്തുന്ന ഈശോയുടെ സവിധേ നിത്യമായ നിലനിൽപിനായി യാത്രയാകുന്ന ഈശോയുടെ കൂടെ അവിരാമം വാഴുവാൻ പോകുന്ന പൗലോസ് സാറിന് ശിഷ്യഗണങ്ങളുടെ യാത്രാമംഗളങ്ങൾ പ്രാർത്ഥനകൾ

Comments
Post a Comment