അയോന മടങ്ങിയത് അഞ്ചു പേര്‍ക്ക് പുതുജീവൻ നല്‍കി. കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

 


കണ്ണൂർ:  കെട്ടിടത്തില്‍ നിന്ന് വീണ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി അയോന മോൻസണ്‍ (17) ഇനി അഞ്ചു പേർക്ക് പുതുജീവനേകും.


അയോനയുടെ വൃക്ക വിമാനമാർഗം തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയില്‍ നിന്ന് മറ്റൊരിടത്തേക്ക് കൊമേഴ്സ്യല്‍ വിമാനത്തില്‍ എത്തിച്ചു എന്ന പ്രത്യേകതയും ഈ അവയവ ദാനത്തിനുണ്ട്. 


കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരക്കൂടുതല്‍ പരിഗണിച്ച്‌ കൃത്യ സമയത്തിനുള്ളില്‍ വൃക്ക എത്തിക്കാനാണ് വിമാനമാർഗം എത്തിക്കാൻ തീരുമാനിച്ചത്. ഇൻഡിഗോയുടെ വിമാനത്തിലാണ് വൃക്ക എത്തിച്ചത്. രാവിലെ 10:42ന് വൃക്ക തിരുവനന്തപുരം എയർപോർട്ടിലും 11 ന് സർക്കാർ മെഡിക്കല്‍ കോളേജിലും എത്തിച്ചു. 


കണ്ണൂർ, കൊശവൻവയല്‍, കട്ടിയാങ്കല്‍ വീട്ടില്‍ അയോനയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ രോഗിയ്ക്കും കരള്‍ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്രപടലങ്ങള്‍ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. 


മകളുടെ വേർപാടിൻ്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. കുടുംബത്തിൻ്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. പോലീസിൻ്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം റോഡ് മാർഗം വേഗത്തിലെത്തിച്ചത്. കെ സോട്ടോയാണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.


കണ്ണൂർ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആയിരുന്ന അയോണ മോണ്‍സണ്‍ ജനുവരി 12ന് രാവിലെ 8.15ന്സ്കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയോനയെ പയ്യാവൂർ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


ജനുവരി 14 ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ അവയവം ദാനം ചെയ്യാൻ സമ്മതം നല്‍കുകയായിരുന്നു. അച്ഛൻ കെഎം മോൻസണ്‍, അമ്മ: അനിത മോൻസണ്‍. മാർട്ടിൻ മോൻസണ്‍, എയ്ഞ്ചല്‍ മോൻസണ്‍ എന്നിവരാണ് സഹോദരങ്ങള്‍.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി