വിലങ്ങാട് പുനരധിവാസത്തിൻ്റെ ഭാഗമായി കത്തോലിക്ക സഭ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കേരള കത്തോലിക്ക സഭ (KCBC) നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകൾ കൂടി വെഞ്ചിരിച്ച് കൈമാറി.
ആദ്യ മൂന്ന് വീടുകളുടെ വെഞ്ചിരിപ്പ് കർമ്മം ഭദ്രാവതി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് നിർവഹിച്ചു. മറ്റൊരു ഭവനത്തിന്റെ വെഞ്ചിരിപ്പ് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം (KSSF) ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഒരു വീടിന്റെ വെഞ്ചിരിപ്പ് നടത്തി. മരുതോങ്കരയിൽ നടന്ന ആറാമത്തെ വീടിന്റെ വെഞ്ചിരിപ്പിന് അസിസ്റ്റന്റ് വികാരി ഫാ. ഇമ്മാനുവൽ കൂരൂർ നേതൃത്വം നൽകി.
ചടങ്ങിൽ ഹോളിക്രോസ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. അർച്ചന, COD ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, ഭദ്രാവതി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. അബ്രഹാം അരീപ്പറമ്പിൽ, അസി. വികാരി ഫാ.ലിൻ്റെ പുല്ലാട്ട്, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കൽ, ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലിൽ, ഫാ. ലിൻസ് മുണ്ടക്കൽ, KSSF സ്റ്റാഫ് ജിൻസ്മോൻ ജോസഫ്, COD പ്രോജക്ട് കോഓർഡിനേറ്റർ ആൽബിൻ സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു. പ്രാദേശിക ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇതോടെ ദുരന്തബാധിതർക്കായി കൈമാറിയ വീടുകളുടെ എണ്ണം 40 ആയി. ആകെ നിർമിക്കുന്ന 70 വീടുകളിൽ 13 വീടുകളുടെ കൂടി വെഞ്ചിരിപ്പ് ഈ മാസം നടക്കും. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
പ്രളയത്തിലും മണ്ണിടിച്ചിലിലും എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസവും മാന്യമായ ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് KCBC ഈ സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്. വീടുകളോടൊപ്പം ആത്മവിശ്വാസവും സാമൂഹിക പിന്തുണയും പുനഃസ്ഥാപിക്കുന്ന ഈ പദ്ധതി വിലങ്ങാടിന്റെ പുനർനിർമാണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

Comments
Post a Comment