പിണക്കം മാറ്റാൻ ചെന്നതായിരുന്നു, പക്ഷേ വീട്ടുമുറ്റത്ത് നിന്നും രാഗേഷ് മടങ്ങിയത് മരണത്തിന്റെ വഴിയിലേക്ക്. പ്രിയപ്പെട്ടവരുടെ വാശിക്ക് മുന്നിൽ രാഗേഷിന്റെ ജീവിതം പൊലിഞ്ഞു...
തിരുവനന്തപുരം: സന്തോഷം നിറഞ്ഞുനിൽക്കേണ്ട മംഗല്യപ്പന്തലിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വിവാഹദിനം പുലർച്ചെ വരൻ വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി സ്വദേശി 28 വയസ്സുള്ള രാഗേഷ് ആണ് തന്റെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റോഡപകടത്തിൽ വിടവാങ്ങിയത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ പ്രിയതമയെ സ്വന്തമാക്കാൻ ഒരുങ്ങിയ രാഗേഷിനെ മരണം തട്ടിയെടുത്തത് ആർക്കും വിശ്വസിക്കാനായിട്ടില്ല.
തിങ്കളാഴ്ച രാവിലെ കാട്ടായിക്കോണം പാട്ടാരി ശ്രീമഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ലളിതമായ ചടങ്ങുകൾക്ക് കാത്തിരുന്ന പെൺകുട്ടിയുടെയും വീട്ടുകാരുടെയും മുന്നിലേക്കെത്തിയത് രാഗേഷിന്റെ മരണ വാർത്തയായിരുന്നു. സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയിനിയെ ജീവിതസഖിയാക്കാൻ ഒരുങ്ങുമ്പോഴും, തന്റെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം രാഗേഷിനുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി വൈകി സ്വന്തം വീട്ടിലെത്തി മാതാപിതാക്കളെ വിവാഹത്തിന് ക്ഷണിക്കാനും, അഭ്യർത്ഥിക്കാനും രാഗേഷ് ശ്രമിച്ചിരുന്നു. എന്നാൽ അവിടെ വെച്ചുണ്ടായ തർക്കതെ തുടർന്ന് മനംനൊന്ത് തിരികെ ബൈക്കിൽ വരുമ്പോഴാണ് പാങ്ങപ്പാറ മാങ്കുഴിയിൽ വെച്ച് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് രാഗേഷിന്റെ ജീവിതം കവർന്നെടുത്തത്. നേർക്കുനേർ ഇടിച്ച ആ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു, രാഗേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.
പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാരുടെ സംരക്ഷണത്തിൽ വാടക വീട്ടിലായിരുന്നു രാഗേഷ് അവസാനമായി താമസിച്ചിരുന്നത്. ഒരു പുര പുതുതായി കെട്ടിപ്പടുക്കാൻ സ്വപ്നം കണ്ടിരുന്ന ആ ചെറുപ്പക്കാരൻ ഇനി ഓർമ്മ മാത്രം. തിങ്കളാഴ്ച മംഗല്യവേദിയിൽ വധുവിന്റെ അരികിലിരിക്കേണ്ട രാഗേഷ്, ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ മുറ്റത്ത് അന്ത്യനിദ്ര കൊള്ളും..

Comments
Post a Comment