രോഗം പൂർണ്ണമായും മാറിയിരുന്നു, പക്ഷേ ആ സ്കാനിംഗ് റിപ്പോർട്ടിന് കാത്തുനിൽക്കാൻ അമ്മയ്ക്കായില്ല. മകന് ഭാരമാകരുതെന്ന് കരുതി ജീവൻ വെടിഞ്ഞ ഒരമ്മയുടെ വിങ്ങുന്ന ഓർമ്മയുമായി മകന്‍...

 



​തിരുവനന്തപുരം: രോഗത്തേക്കാൾ വലിയ ശത്രു മനസ്സിനെ വേട്ടയാടുന്ന ഭയമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്, അന്തരിച്ച തന്റെ അമ്മയെക്കുറിച്ചുള്ള ഗിരീഷ് ഗോപിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു. മാസങ്ങളോളം ക്യാൻസറിനോട് പൊരുതി ഒടുവിൽ രോഗമുക്തിയുടെ വക്കിലെത്തിയിട്ടും, മകന് താനൊരു ഭാരമാകുമോ എന്ന ഭയത്താൽ അമ്മ ജീവിതം അവസാനിപ്പിച്ച വാർത്തയാണ് ഗിരീഷ് പങ്കുവെച്ചത്..


തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന അമ്മ കഴിഞ്ഞ ജൂൺ മുതൽ രോഗത്തോട് മല്ലിടുകയായിരുന്നു. എന്നാൽ അമ്മയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പലരും കരുതും പോലെ ക്യാൻസർ ആയിരുന്നില്ലെന്ന് ഗിരീഷ് വെളിപ്പെടുത്തുന്നു. മകൻ തന്നെ നോക്കി ജീവിതം കളയരുത് എന്ന ചിന്തയിൽ അമ്മ സ്വയം എടുത്ത തീരുമാനമായിരുന്നു അത്.


ഏറ്റവും വേദനയുണ്ടാക്കുന്ന വസ്തുത എന്തെന്നാല്‍, അമ്മയെ അലട്ടിയിരുന്ന ക്യാൻസർ പൂർണ്ണമായും ഭേദമായിരുന്നു എന്ന് സർജൻ വെളിപ്പെടുത്തി. 2 ദിവസത്തിന് ശേഷം നടക്കാനിരുന്ന സ്കാനിംഗ് റിപ്പോർട്ടിൽ ഈ സന്തോഷവാർത്ത അറിയാനിരിക്കെയാണ് വിധി മറ്റൊന്ന് നിശ്ചയിച്ചത്. രോഗം വീണ്ടും പടരുമോ എന്ന ഭയമാണ് അമ്മയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് മകൻ പറയുന്നു..


അമ്മയായിരുന്നു എന്റെ ലോകം, അതിനു മുകളിൽ സന്തോഷം തരുന്ന മറ്റൊന്നും എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു.. ഗിരീഷ് കുറിച്ചു..


ആർ.സി.സിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് കൂടെയുള്ള മറ്റ് രോഗികൾക്കും, നാട്ടുകാർക്കും ആത്മവിശ്വാസം നൽകിയിരുന്ന വ്യക്തിയായിരുന്നു അവർ. അത്രത്തോളം പോസിറ്റീവ് ആയിരുന്നിട്ടും, അടുത്ത സ്കാനിംഗിനെക്കുറിച്ചുള്ള ആകുലത അമ്മയുടെ മനസ്സിനെ തളർത്തുകയായിരുന്നു.


രോഗം തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും പോലെ തന്നെ പ്രധാനമാണ് രോഗിയുടെ മാനസികാവസ്ഥയെന്നും, സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും ഈ മകൻ ലോകത്തോട് പറയുന്നു. അമ്മയുടെ വേർപാടിന്റെ വേദനയിലും, തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെയാണ് ഗിരീഷ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി