കുടുംബത്തിന്റെ പ്രതീക്ഷയുമായി പറന്നവൾ, ഇനി ഓർമ്മകൾ നൊമ്പരമായി മിലി,
ഖസാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ സാങ്കേതിക തടസം.
രേഖകള്‍ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും കത്തെഴുതി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം
ഖസാക്കിസ്ഥാനില്‍ നാലാം വർഷ മെഡിക്കല്‍ വിദ്യാർത്ഥിയായിരുന്നു മിലി മോഹൻ. വിദ്യാഭ്യാസ ലോണ്‍ എടുത്താണ് പഠിക്കാൻ വിദേശത്ത് പോയത്. കഴിഞ്ഞ ഓണത്തിനാണ് മിലി അവസാനമായി നാട്ടിലെത്തിയത്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുമ്പോള്‍ രണ്ടു സഹോദരങ്ങളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു 25 കാരിയായ മിലിയുടെ ആഗ്രഹം.
കൂട്ടുകാരികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു മിലി സഞ്ചരിച്ച വാഹനം അപകടത്തിൻ പെട്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും സുഹൃത്തുക്കള്‍ക്കോ സഹപാഠികള്‍ക്കോ മൃതദേഹം കാണാൻ പോലും പറ്റിയിട്ടില്ല. മൃതദേഹം വിട്ടുകിട്ടാൻ രക്തബന്ധത്തിലുള്ളവർ വരണമെന്നാണ് ഖസാക്കിസ്ഥാനിലെ നിയമം. ഇതോടെ മലയാളി അസോസിയേഷനും കോളേജ് അധിക്യതരും സഹപാഠികളും നടത്തുന്ന ശ്രമവും പരാജയപ്പെട്ടു.
കുടുംബത്തിന് നേരിട്ട് പോയി മൃതദേഹം കൈപറ്റാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഇന്ത്യൻ എംബസി മുൻകൈ എടുത്താല്‍ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുകയുള്ളുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനായി സർക്കാർ തലത്തില്‍ അടിയന്തിര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Comments
Post a Comment