കുട്ടികളെ സ്വന്തം മക്കളായി കണ്ട് ഉപദേശിക്കുന്ന ആത്മാർത്ഥത ഉള്ള ടീച്ചർമാരിൽ ഒരാളായിരുന്നു മേരി ടീച്ചർ;
അന്തരിച്ച മേരി ടീച്ചറേ ചെമ്പനോട സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സുധീഷ് പാറയിൽ അനുസ്മരിക്കുന്നു.
ചെമ്പനോട സ്കൂളിലേക്ക് ആദ്യമായി കടന്നു ചെന്ന 1997 ജൂണിൽ എൻ്റെ 8 E ക്ലാസിലെ ആദ്യത്തെ ടീച്ചർ ആയിരുന്നു മേരി ജോസഫ് ടീച്ചർ. കാഴ്ചയിൽ പരുക്കൻ സ്വഭാവം ആണെങ്കിലും ടീച്ചറിൻ്റെ സ്നേഹം പലപ്പോഴും നേരിട്ട് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.
എട്ടാം ക്ലാസിലേക്ക് പോയ മുതിർന്നവൻ എന്ന തോന്നലിൽ സ്കൂളിലെ സകല തരികിട കൂട്ടുകെട്ടിലും ഞാൻ പങ്കാളി ആയിരുന്നു. അങ്ങനെ ഒരിക്കൽ അമ്മ സ്കൂളിൽ വരേണ്ടി വന്നു. എൻ്റെ മുന്നിൽ വച്ച് അമ്മയോട് ടീച്ചർ പറഞ്ഞത് കേട്ട് അമ്മയും ഞാനും കരഞ്ഞു.
ടീച്ചർ എന്നെ കുറ്റപ്പെടുത്തിയത് അല്ല. നേർ വഴിക്ക് തെളിക്കുക ആയിരുന്നു. പക്ഷേ അതിൻ്റെ ബാക്കി എന്ന നിലയ്ക്ക് ഞാൻ നടത്തിയത് ഒരു ഒളിച്ചോട്ടം ആയിരുന്നു. ഏതാണ്ട് 48 മണിക്കൂർ..അവിടം മുതലാണ് ഞാൻ മാറി തുടങ്ങുന്നത്. പിന്നീട് സ്കൂളിലെ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ ഒക്കെ ഞാൻ എൻ്റേതായ സ്ഥാനം ഉറപ്പിച്ച മൂന്ന് വർഷം.
ടീച്ചറുടെ ഉപദേശം കേട്ട് കരഞ്ഞ അമ്മ, അതിനെ തുടർന്നുള്ള എൻ്റെ ഒളിച്ചു പോക്കിനെ തുടർന്ന് കരഞ്ഞ അമ്മ, പിന്നീട് ഒരിക്കലും എന്നെ ഓർത്തു കരയാതെ ഇരിക്കാൻ ആണ് ഞാൻ ഓരോ നിമിഷവും ജീവിച്ചത്..
അങ്ങനെ ചിന്തിക്കുവാൻ, പ്രവർത്തിക്കുവാൻ,പിന്നീട് ഒരിക്കലും ടീച്ചർക്കോ അമ്മയ്ക്കോ വേദനിക്കാൻ ഒന്നും ചെയ്യാതെ ഇന്നും ജീവിക്കുവാൻ ..
ആ ദിവസം എനിക്ക് നൽകിയ പാഠം അത്രമേൽ വലുതായിരുന്നു. ജീവിതത്തിൽ എല്ലാ അധ്യാപകരും ശ്രേഷ്ഠരാണ്. പക്ഷേ വഴികാട്ടി ആകുവാൻ ചിലർക്കേ സാധിക്കൂ..
അങ്ങനെ എൻ്റെ ജീവിതത്തിന് നേർ വഴി തെളിയിച്ച പ്രീയപ്പെട്ട മേരി ജോസഫ് ടീച്ചർക്ക് ആദരാഞ്ജലികൾ നേരുന്നു..

Comments
Post a Comment