തന്റെ അവസാനത്തെ ഡെലിവറി മരണത്തിലേക്ക്,
ഹൈദരാബാദ്: അതിവേഗ ഡെലിവറി വാഗ്ദാനങ്ങൾ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന 25കാരന്റെ ജീവനെടുത്തു. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ 'സെപ്റ്റോ'യിലെ ഡെലിവറി പാർട്ണറായ കെ. അഭിഷേക് ആണ് റോഡപകടത്തിൽ മരണപ്പെട്ടത്. മെഹ്ദിപട്ടണത്തിനടുത്ത് കഴിഞ്ഞ ദിവസം രാത്രി വൈകിയായിരുന്നു ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ അപകടം..
അവസാന വർഷ ബിബിഎ വിദ്യാർത്ഥിയായ അഭിഷേക്, പഠനത്തോടൊപ്പം കുടുംബം പോറ്റാനുള്ള വരുമാനം കണ്ടെത്താനാണ് ഡെലിവറി ജോലി തിരഞ്ഞെടുത്തത്. ഷെയ്ക്പേട്ട് നിവാസിയായ ഈ യുവാവ് ഒരു ഡെലിവറി പൂർത്തിയാക്കാൻ ടോളിചൗക്കിയിലേക്ക് തിരക്കിട്ട് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, പിന്നാലെ വന്ന സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ആ ചെറുപ്പക്കാരന്റെ ജീവൻ പൊലിഞ്ഞു.
അതിവേഗ ഡെലിവറി" എന്ന കമ്പനികളുടെ വാഗ്ദാനം തൊഴിലാളികൾക്ക് മേൽ അമിത സമ്മർദ്ദമാണ് ചെലുത്തുന്നതെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു. നിശ്ചിത മിനിറ്റുകൾക്ക് ഉള്ളിൽ സാധനങ്ങൾ എത്തിക്കാനുള്ള തിടുക്കത്തിനിടയിലാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത്. അഭിഷേകിന്റെ മരണം വർക്കർ യൂണിയനുകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷയേക്കാൾ ഉപരിയായി ഡെലിവറി സമയത്തിന് പ്രാധാന്യം നൽകുന്ന കമ്പനി നയങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
നമുക്ക് ലഭിക്കുന്ന ഓരോ 'ഫാസ്റ്റ് ഡെലിവറി'ക്ക് പിന്നിലും സമാനമായ പല ജീവൻ പണയപ്പെടുത്തിയുള്ള ഓട്ടങ്ങളുണ്ടാകാം എന്ന കയ്പ്പേറിയ സത്യം ഈ മരണം നമ്മെ ഓർമ്മിപ്പിക്കുന്നു..

Comments
Post a Comment