വിവാഹപ്പിറ്റേന്ന് വിധി അവളുടെ ശരീരം തളർത്തിയപ്പോൾ, ഉപേക്ഷിക്കാൻ പറഞ്ഞിട്ടും നെഞ്ചോട് ചേർത്തൊരു അവൻ
വിവാഹപ്പന്തലിലെ മനോഹരമായ സ്വപ്നങ്ങൾ കൺമുന്നിൽ തകർന്നു വീണപ്പോൾ ആകാശും അഞ്ജലിയും അനുഭവിച്ചത് വിവരിക്കാനാവാത്ത വേദനയായിരുന്നു. വിവഹം കഴിഞ്ഞ് ക്ഷേത്രദർശനത്തിന് പോയ ആ ദമ്പതികളുടെ ജീവിതം ആ ഒരു യാത്രയോടെയാണ് കീഴ്മേൽ മറിയുന്നത്. അന്ന് സംഭവിച്ച ആ വലിയ അപകടം അഞ്ജലിയെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചു. അവിടെയും വിധിയുടെ ക്രൂരത അവരെ പിന്തുടർന്നു.
അഞ്ജലിയുടെ തലച്ചോറിൽ വർഷങ്ങളായി വളർന്നിരുന്ന ഒരു ട്യൂമർ ആ അപകടത്തോടെ അവളുടെ ജീവന് തന്നെ ഭീഷണിയായി മാറി. അത് നീക്കം ചെയ്യാൻ നടത്തിയ ശാസ്ത്രക്രിയ അവളുടെ ശരീരത്തിന്റെ മുക്കാൽ ഭാഗവും തളർത്തിക്കളഞ്ഞു. ഡാൻസും പാട്ടുമൊക്കെയായി ഓടിച്ചാടി നടന്നവൾ പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയാത്ത അവസ്ഥ. നടക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ കഴിയാത്ത താൻ ഭർത്താവിന് ഒരു ഭാരമാകുമെന്ന് കരുതിയ അവൾ തന്നെ ഉപേക്ഷിച്ച് വേറെ വിവഹം കഴിക്കാൻ ഭർത്താവിനോട് പറഞ്ഞു.
എന്നാൽ ലോകത്തിന് മുന്നിൽ അവൾ തളർന്നുപോയവളായിരുന്നെങ്കിലും, അവന് അവൾ അവന്റെ പ്രാണനായിരുന്നു. ഇനിയൊരിക്കലും നടക്കില്ലെന്നു പറഞ്ഞവളുടെ ഓരോ ചുവടിലും താങ്ങായി, തളർന്ന കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ ഉറപ്പിച്ചു പറഞ്ഞു: "നീ നടക്കുന്നതുവരെ ഞാൻ നിന്നെ ചുമക്കും." പിന്നീട് ലോകം കണ്ടത് പ്രണയത്തിന്റെ മറ്റൊരു മുഖമായിരുന്നു. ആശുപത്രി മുറിയിലെ നിശബ്ദതയെ സംഗീതം കൊണ്ട് തോൽപ്പിച്ച്, അവളുടെ തളർന്ന കൈകൾ കോർത്തുപിടിച്ച് അവൻ റീലുകൾ ചെയ്യാൻ തുടങ്ങി.
സോഷ്യൽ മീഡിയയിലൂടെ അവരുടെ ആ പോരാട്ടം ലോകം ഏറ്റെടുത്തപ്പോൾ, അത് പലർക്കും അതിജീവനത്തിന്റെ പാഠമായി മാറി. അവരുടെ ഈ അസാമാന്യ പ്രണയകഥ 'Love U Muddu' എന്ന പേരിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്തു. വൈദ്യശാസ്ത്രം നടക്കില്ലെന്നു വിധിയെഴുതിയവൾ ഇന്ന് ഓടുന്നത് നമുക്ക് കാണാനാകും. വ്യക്തത കുറവുണ്ടെങ്കിലും അവൾ ഇന്ന് സംസാരിക്കുന്നു. പറ്റുന്ന രീതിയിൽ നൃത്തം ചെയ്യുന്നു.
ഈ മനോഹര പ്രണയത്തെ കുറിച്ച് ആകാശിന് പറയാനുള്ളത് ഇങ്ങനെയാണ് “മരണത്തിന്റെ കയ്യിൽ നിന്നാണ് ഞാനവളെ പിടിച്ചു വാങ്ങിയത്.. എനിക്കുറപ്പുണ്ടായിരുന്നു അവൾ നടക്കുമെന്ന്.. കാരണം നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണെന്ന് അവൾക്കറിയാം”.

Comments
Post a Comment