അച്ഛാ.. വേണ്ട.." എന്ന് ആ മനസ്സ് പറഞ്ഞിട്ടുണ്ടാകില്ലേ? സംരക്ഷിക്കേണ്ട കൈകൾ തന്നെ അന്തകരായപ്പോൾ സന്തോഷിന് വേദനയോടെ വിട

 



മൈനാഗപ്പള്ളി: മനസ്സിന്റെ സമനില തെറ്റിയപ്പോൾ ആ യുവാവ് അറിഞ്ഞില്ല താൻ സ്വന്തം വീടിന് ഭാരമാകുകയാണെന്ന്. ലോകം മുഴുവൻ എതിർത്താലും താങ്ങാവേണ്ടവർ തന്നെ ഒടുവിൽ ഘാതകരായപ്പോൾ, സന്തോഷ് എന്ന 35 വയസ്സുകാരന് വിധിച്ചത് അതിദാരുണമായ അന്ത്യം. കൊല്ലം മൈനാഗപ്പള്ളി മാലീത്തറ ഉന്നതിയിൽ സന്തോഷാണ് സ്വന്തം പിതാവിന്റെയും സഹോദരന്റെയും മർദ്ദനമേറ്റ് ചോരവാർന്നു മരിച്ചത്..


മാനസികമായ വെല്ലുവിളികൾ നേരിട്ടിരുന്ന സന്തോഷ് തന്റെ പ്രവർത്തികൾ മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തവനായിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴും, മാതാപിതാക്കളെ ഉപദ്രവിക്കുമ്പോഴും അത് തന്റെ രോഗാവസ്ഥയുടെ ഭാഗമാണെന്ന് കരുതി സ്നേഹത്തോടെ ചേർത്തുപിടിക്കേണ്ട ഇടത്താണ് ക്രൂരത അരങ്ങേറിയത്. ഇന്നലെ രാത്രിയിലും താൻ എന്നും ചെയ്യുന്നതുപോലെ സന്തോഷ് ബഹളമുണ്ടാക്കി. പക്ഷേ, കാലങ്ങളായി സഹിച്ചവർക്ക് മുന്നിൽ ആ യുവാവിന്റെ നിസ്സഹായത ഇന്നലെ തോറ്റുപോയി..


ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയാത്ത സന്തോഷിനെ കട്ടിലിൽ ബലമായി പിടിച്ചുകിടത്തിയാണ് അവർ നേരിട്ടത്. കണ്ണുകളിൽ മുളകുപൊടി വിതറി ആ കാഴ്ച കൂടി കവർന്നെടുത്തപ്പോൾ ആ യുവാവ് അനുഭവിച്ച വേദന വിവരണാതീതമാണ്. കാഴ്ച മങ്ങിയും, ശ്വാസം മുട്ടിയും കിടന്ന സന്തോഷിന്റെ തലയിലേക്ക് കമ്പിവടി കൊണ്ടുള്ള പ്രഹരങ്ങൾ ഒന്നൊന്നായി പതിച്ചു. 3 തവണ തലയ്ക്ക് പ്രഹരമേറ്റ് രക്തം വാർന്ന് ഒടുവിൽ ആ നിലവിളി അടങ്ങി..


ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ വാർത്ത പുറംലോകമറിഞ്ഞത്. സംഭവത്തിൽ പിതാവ് രാമകൃഷ്ണൻ (70), സഹോദരൻ സനൽ (37) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്റെ ചെയ്തികൾ ശല്യമായിരുന്നു എന്ന പ്രതികളുടെ മൊഴി നിലനിൽക്കുമ്പോഴും, ഒരു ജീവനെ ഇത്ര ക്രൂരമായി ഇല്ലാതാക്കേണ്ടിയിരുന്നോ എന്ന ചോദ്യം മൈനാഗപ്പള്ളിക്കാരുടെ മനസ്സിനെ വേദനിപ്പിക്കുന്നു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി