പേരാമ്പ്ര; ചങ്ങരോത്ത് ആൾതാമസമില്ലാത്ത വീട്ടിൽ സ്ഫോടനം. ഒരാൾക്ക് പരിക്ക്
പേരാമ്പ്ര: ചങ്ങരോത്ത്പാലേരി കുയിമ്പിൽ ജനവാസമില്ലാത്ത വീട്ടിൽ പടക്ക നിർമ്മാണത്തിനിടെ സ്ഫോടനം. സ്ഫോടനത്തിൽ കടിയങ്ങാട് സ്വദേശി എടക്കൊടുമ്മൽ അനിൽകുമാറിന് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 4:30 ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.
കുയിമ്പിൽ കരുവാൻകണ്ടി ജാനുവിന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിലാണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
വിവരമറിഞ്ഞതിനെ തുടർന്ന് പേരാമ്പ്ര സബ് ഇൻസ്പെക്ടർ പി. സനദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീടിനുള്ളിൽ പടക്ക നിർമ്മാണത്തിനുള്ള സാമഗ്രികൾ ഉണ്ടായിരുന്നോ എന്നും അനധികൃതമായാണോ ഇത് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ജനപ്രതിനിധികൾ സന്ദർശിച്ചു
സംഭവസ്ഥലം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് എന്നിവർ സന്ദർശിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. ശാലിനി, കെ.എം. ഇസ്മായിൽ, സന്തോഷ് കോശി, എം. ബാലൻ, ഇ.എം. അഷ്റഫ്, എൻ.പി. സീനത്ത്, കെ.കെ. സാറ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment