കുവൈറ്റിൽ ബാലുശ്ശേരി സ്വദേശി ഉൾപെടെ രണ്ട് മലയാളികളെ വധ ശിക്ഷക്ക് വിധിച്ചു
കുവൈത്തിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ രാജ്യത്തേക്ക് കടത്തിയ കുറ്റത്തിന് കഴിഞ്ഞ ദിവസം വധ ശിക്ഷക്ക് വിധിക്കപ്പെട്ടത് രണ്ട് മലയാളികളാണെന്ന് വിവരം ലഭിച്ചു. തൃശൂർ തൃപ്രയാർ, കോഴിക്കോട് ബാലുശേരി സ്വദേശികളാണ് ഇവർ.കഴിഞ്ഞ വർഷം ഓഗസ്ത് രണ്ടിനാണ് ഷുവൈഖ് താമസ കേന്ദ്രം, കൈഫാൻ എന്നിവിടങ്ങളിൽ നിന്ന് ഇവർ പിടിയിലായത്. 14 കിലോഗ്രാം ശുദ്ധ ഹെറോയിൻ, 8 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 2 ഇലക്ട്രോണിക് അളവ് ഉപകരണങ്ങൾ എന്നിവ കൂറ്റാന്വേഷണ വിഭാഗം ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. കുവൈത്തിനുള്ളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചവയായിരുന്നു ഇവ.
രാജ്യത്തിന് പുറത്തുള്ള ഒരു അന്താരാഷ്ട്ര മയക്ക് മരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു പ്രതികൾ എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വിചാരണ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് .ക്രിമിനൽ കോടതി ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഇരുവർക്കും വധ ശിക്ഷ വിധിച്ചത്. നിയമ പരമായ കാരണത്താൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തു വിടുന്നതിനു ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വൻതോതിൽ ലഹരിമരുന്ന് കൈവശം വെച്ചതിനും രാജ്യത്തിനകത്ത് വിതരണം ചെയ്യാൻ ശ്രമിച്ചതിനുമാണ് കുവൈറ്റ് ക്രിമിനൽ കോടതി ഇവർക്ക് പരമാവധി ശിക്ഷ നൽകിയത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് (ഷാബു) ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തിരുന്നു. വിപണിയിൽ വൻ വിലമതിക്കുന്ന ലഹരിവസ്‌തുക്കൾ വിതരണത്തിനായി തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുവൈറ്റിലെ കർശനമായ ലഹരിവിരുദ്ധ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ വിധി പ്രസ്‌താവിച്ചത്. ലഹരിക്കടത്ത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയവും സുരക്ഷാ ഏജൻസികളും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ലഹരിമരുന്ന് കേസുകളിൽ വിട്ടുവീഴ്ച്‌ചയില്ലാത്ത നടപടികളാണ് കുവൈറ്റ് ഭരണകൂടം സ്വീകരിച്ചു വരുന്നത്.

Comments
Post a Comment