രാജ്യത്തിനായി പന്തുതട്ടിയ മകൾ മടങ്ങിവരുമെന്ന് കരുതിയ വീട്ടുമുറ്റത്ത് ഇന്ന് മരണത്തിന്റെ നിശബ്ദതയും, ജപ്തി നോട്ടീസും

 


കോഴിക്കോട്: രാജ്യത്തിനായി പന്തുതട്ടിയ മകൾ മടങ്ങിവരുമെന്ന് കരുതിയ വീട്ടുമുറ്റത്ത് ഇന്ന് മരണത്തിന്റെ നിശബ്ദതയും, ജപ്തി നോട്ടീസും മാത്രം. ദുരൂഹ സാഹചര്യത്തിൽ ബിഹാറിൽ മരിച്ച മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി ലിതാരയുടെ കുടുംബം ഇന്ന് ആരുമില്ലാത്ത അവസ്ഥയിൽ പെരുവഴിയിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. ലിതാര എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് വീട് ലേലത്തിന് വെച്ചിരിക്കുകയാണ് ബാങ്ക് അധികൃതർ.


ജോലി ലഭിച്ചപ്പോൾ തന്റെ മാതാപിതാക്കൾക്ക് അടച്ചുറപ്പുള്ള ഒരു വീട് നൽകണമെന്ന ആഗ്രഹത്തിലാണ് പഴയ വീട് പൊളിച്ച് ലിതാര പുതിയ വീട് പണി തുടങ്ങിയത്. ഇതിനായി ബാങ്കിൽ നിന്നും 16 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ വിധി ലിതാരയെ തട്ടിയെടുത്തതോടെ ആ വീടിന്റെ നിർമ്മാണവും, സ്വപ്നങ്ങളും വഴിമുട്ടി. കൂലിപ്പണിക്കാരനായ അച്ഛൻ കരുണന് ലഭിക്കുന്ന തുച്ഛമായ വരുമാനം, അർബുദ ബാധിതയായ അമ്മ ലളിതയുടെ ചികിത്സയ്ക്ക് പോലും തികയുന്നില്ല. ഇതിനിടയിലാണ് ഇരുട്ടടിയായി 22 ലക്ഷം രൂപയോളം കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ച് ബാങ്കിന്റെ ജപ്തി നടപടികൾ എത്തിയത്.


തന്റെ കോച്ചിൽ നിന്നും ശാരീരികവും, മാനസികവുമായ ഉപദ്രവങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ലിതാര മരണത്തിന് മുൻപ് സുഹൃത്തുക്കളോടും, തന്റെ വീട്ടുകാരോടും പറഞ്ഞിരുന്നു. മകളുടെ മരണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ടോ, അവളുടെ ഫോണോ, ആഭരണങ്ങളോ പോലും ഈ മാതാപിതാക്കൾക്ക് ലഭിച്ചിട്ടില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ കിടപ്പാടം കൂടി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഈ കുടുംബം..


കാൻസർ ബാധിതയായ അമ്മയും, പ്രായാധിക്യമുള്ള അച്ഛനും ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. നാടിന് അഭിമാനമാകേണ്ടിയിരുന്ന ഒരു കായികതാരത്തിന്റെ മാതാപിതാക്കളെ പെരുവഴിയിൽ ഇറക്കാതിരിക്കാൻ ഇനിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി