ടച്ച് ചെയ്താല്‍ പണി കിട്ടും! വൈറലായി 'അപ്പാപ്പൻ റോക്സ്'; ദീപക്കിന്റെ മരണത്തിന് പിന്നാലെ വൈറലായി വീഡിയോ
തിരക്കുള്ള ബസില്‍ ഫോണ്‍ ക്യാമറ ഓണാക്കി നില്‍ക്കുന്ന ഒരു വയോധികനാണ് വീഡിയോയിലെ താരം. തൊട്ടുമുന്നില്‍ നില്‍ക്കുന്ന യുവതി ബസ് നീങ്ങുന്നതിനിടെ അബദ്ധത്തില്‍ തട്ടിയപ്പോള്‍, "ടച്ച് ചെയ്താല്‍ നമ്മക്കും അറിയാം വീഡിയോ എടുക്കാൻ" എന്ന മാസ് ഡയലോഗോടെ വയോധികൻ പ്രതികരിക്കുന്നതാണ് രംഗം. മധ്യവയസ്കൻ ക്യാമറ ഓണാക്കി വെച്ചതുകൊണ്ട് മാത്രം വലിയൊരു ആരോപണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനോടകം ഏഴ് ദശലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്.
വീഡിയോ വൈറലായതോടെ ഇതിന് പിന്നിലെ അണിയറപ്രവർത്തകർ കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തി. ഇത് യഥാർത്ഥത്തില്‍ നടന്ന സംഭവമല്ല, മറിച്ച് മണ്ണാർക്കാടുള്ള ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് നിർമ്മിച്ച ഒരു ലഘുചിത്രമാണ്.
വീഡിയോയിലെ വയോധികനായി വേഷമിട്ടത് നാസർ എന്ന കലാകാരനാണ്. പൊതുസമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ ഈ വീഡിയോ നിർമിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ ദുരുപയോഗങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശം നല്‍കുന്ന ഈ വീഡിയോ ദീപക്കിന്റെ മരണവാർത്തയ്‌ക്ക് പിന്നാലെ സൈബർ ഇടങ്ങളില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.

Comments
Post a Comment