സ്വന്തം പുരയിടത്തിൽ കായികപ്രേമികൾക്കായി വോളിബോൾ കോട്ടും ബാഡ്മിൻ്റൻ കോർട്ടും ഒരുക്കി നൽകി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്
ചക്കിട്ടപ്പാറ: ചക്കിട്ടപാറ മലയോരത്തിൻ്റെ വോളിബോൾ ആവേശത്തിന് പുതിയ കരുത്തുപകർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി തോമസ്. തന്റെ വീടിനോട് ചേർന്നുള്ള സ്ഥലം നാട്ടിലെ യുവാക്കൾക്കും കുട്ടികൾക്കും വോളിബോളും ബാഡ്മിൻ്റനും കളിക്കാനായി ഒരുക്കി നൽകിക്കൊണ്ട് മാതൃകയാവുകയാണ് അവർ. വലിയ ഹാളുകളോ പ്രൊഫഷണൽ രീതിയിലുള്ള ഇൻഡോർ കോർട്ടുകളോ അല്ല, മറിച്ച് നമ്മുടെ നാട്ടിൻപുറത്തെ സാധാരണക്കാർക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടാനും ആസ്വദിച്ചു കളിക്കാനും കഴിയുന്ന ഒരു തനി നാടൻ മൈതാനമാണിത്.
പൂഴിത്തോട്-ചക്കിട്ടപ്പാറ മേഖലയിലെ വോളിബോൾ പ്രേമികൾക്കും ബാഡ്മിൻ്റൻ കളിക്കാർക്കും ഇനി ഇടം തേടി അലയേണ്ടി വരില്ല. കൃഷിയും ജോലിത്തിരക്കും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന നാട്ടുകാർക്ക് സന്തോഷത്തോടെ കളിക്കാൻ സ്വന്തം പുരയിടത്തിൽ ഇടം നൽകിയ പ്രസിഡന്റിന്റെ ഈ തീരുമാനം യുവാക്കൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ നിരവധി ഗ്രാമീണ വിനോദങ്ങളും കളികളും നിലവിലുണ്ടായിരുന്നു. അവയില്‍ മിക്കവയും ഇന്ന് പ്രചാരത്തിലില്ല. കളികളുടെ ഇടങ്ങള്‍ മറ്റു പല വിനോദങ്ങളും കൈയ്യേറി. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾ കായിക വിനോദങ്ങളിൽ നിന്ന് അകന്നുപോകുന്ന കാലത്ത്, അവർക്ക് കളിക്കാൻ സ്വന്തം മണ്ണിൽ സൗകര്യമൊരുക്കി നൽകാൻ കാണിച്ച ഈ മനസ്സിനെ നാട്ടുകാർ അഭിനന്ദിച്ചു. പണച്ചെലവുള്ള വലിയ സ്റ്റേഡിയങ്ങളേക്കാൾ, നമ്മുടെ നാട്ടിൻപുറത്തെ ഇത്തരം ചെറിയ കളിമുറ്റങ്ങളാണ് പുതിയ കായികതാരങ്ങളെ വളർത്തിയെടുക്കുന്നതെന്ന് പ്രസിഡന്റ് മോളി ആയിത്തമറ്റം പറഞ്ഞു.

Comments
Post a Comment