മരണം തൊട്ടുപിന്നിലെത്തിയ നിമിഷം, പക്ഷേ ദൈവദൂതന്മാരെപ്പോലെ ആളൂർ പോലീസ് അവിടെയെത്തി!
മരണം തൊട്ടുപിന്നിലെത്തിയ നിമിഷം, പക്ഷേ ദൈവദൂതന്മാരെപ്പോലെ ആളൂർ പോലീസ് അവിടെയെത്തി! കണ്ണുനിറയാതെ ഈ വാർത്ത കണ്ടുതീർക്കാനാവില്ല. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്ന്, മരണത്തിലേക്ക് തലവെച്ച് പാളത്തിൽ കിടന്ന ആ 58-കാരനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയ ആളൂർ പോലീസിന് ബിഗ് സല്യൂട്ട്!
വെള്ളിയാഴ്ച പുലർച്ചെ വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്തായിരുന്നു നാടകീയമായ ആ രംഗങ്ങൾ. റെയിൽവേ ട്രാക്കിൽ മരണത്തെ മുഖാമുഖം കണ്ട് ഒരാൾ കിടക്കുന്ന വിവരം സ്റ്റേഷൻ മാസ്റ്റർ അറിയിച്ചപ്പോൾ, ഒട്ടും വൈകിയില്ല... സെക്കന്റുകൾ പോലും പാഴാക്കാതെ ആളൂർ ജി.എസ്.ഐ ജെയ്‌സണും സി.പി.ഒ ഹരികൃഷ്ണനും ഹോം ഗാർഡ് ജോയിയും അവിടേക്ക് പാഞ്ഞെത്തി.
ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപുള്ള ആ നിമിഷങ്ങളിൽ, ട്രാക്കിലേക്ക് കുതിച്ചുകയറി അദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുമ്പോൾ ആ ഉദ്യോഗസ്ഥരുടെ മനസ്സിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ– ഒരു ജീവൻ രക്ഷിക്കണം!
ചിത്രത്തിൽ കാണുന്നതുപോലെ, തോളിലേറ്റി ജീവിതത്തിലേക്ക് സുരക്ഷിതമായി കൊണ്ടുവരുമ്പോൾ ആ പോലീസുകാരൻ ഒരു വലിയ സന്ദേശമാണ് നൽകുന്നത്: "ഏത് പ്രതിസന്ധിയിലും തളരരുത്, കാവലായി ഞങ്ങളുണ്ട്." ആശ്വാസം നൽകിയും, ബന്ധുക്കളെ വിവരമറിയിച്ചും അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Comments
Post a Comment