തന്റെ പുത്തൻ വീട്ടിൽ താമസിച്ചത് ഒറ്റനാൾ മാത്രം. അബുദാബിയിലേക്ക് തിരികെ പോയത് ബാധ്യതകൾ തീർക്കാൻ. വിധി ബാബുരാജിനെ തട്ടിയെടുത്തത് തീരാനോവായി..
സ്വന്തം സ്വപ്നക്കൂടാരത്തിൽ ഒരു രാത്രി മാത്രം അന്തിയുറങ്ങി മടങ്ങിയ ബാബുരാജ്, ഇനി 6 പേരിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കും. അബുദാബിയിലുണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജിന്റെ (50) അവയവങ്ങൾ ദാനം ചെയ്തുകൊണ്ട് ആ കുടുംബം കാട്ടിയത് അതിരുകളില്ലാത്ത സ്നേഹത്തിന്റെ വലിയ മാതൃകയാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മയ്ക്ക് ചികിത്സാ സൗകര്യങ്ങൾ ലഭിക്കാൻ വേണ്ടിയാണ് കലയ്ക്കോട്ടെ പഴയ വീട്ടിൽ നിന്നും കോട്ടുവൻകോണത്തെ പുതിയ വീട്ടിലേക്ക് ആ കുടുംബം മാറിയത്. എന്നാൽ, മോഹിച്ചു പണിത ആ വീട്ടിൽ ഒരു ദിവസം മാത്രമാണ് ബാബുരാജിന് കഴിഞ്ഞത്. വീട് പണിയുടെ കടങ്ങൾ തീർക്കാൻ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം പ്രവാസലോകത്തേക്ക് മടങ്ങി. പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊരു ദുരന്തമായിരുന്നു.
ഡിസംബർ 16ന് അബുദാബിയിൽ വെച്ചുണ്ടായ ഇ-സ്കൂട്ടർ അപകടമാണ് ബാബുരാജിന്റെ ജീവൻ കവർന്നത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ, വലിയ വേദനയ്ക്കിടയിലും ബാബുരാജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഭാര്യയും, മക്കളും സമ്മതം നൽകുകയായിരുന്നു. ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ തുടങ്ങി ബാബുരാജിന്റെ ശരീരഭാഗങ്ങൾ ഇന്ന് 6പേർക്ക് പുതുജീവൻ നൽകി കഴിഞ്ഞു.
അബുദാബിയിൽ സ്വർണ്ണ പണിക്കാരനായിരുന്ന ബാബുരാജിന്റെ വിയോഗം ആ കുടുംബത്തെ വലിയ തളർച്ചയിലാക്കിയിരിക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന 2 പെൺമക്കളും രോഗിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം. ആ കുടുംബത്തിന് ഈ വലിയ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെ...

Comments
Post a Comment