യുവതിയെ മരിച്ച നിലയിലും, സുഹൃത്തിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി...
കോട്ടയം: ഒരുമിച്ചുള്ള രണ്ടുപേരുടെ ജീവിതം ദാരുണമായി അവസാനിച്ചതിൻ്റെ ഞെട്ടലിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളി ഗ്രാമം. ഇടുക്കി കല്ലാർ ഭാഗം തുരുത്തിയിൽ സ്വദേശിയായ 45 വയസ്സുള്ള ഷേർളി മാത്യുവും, കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ സ്വദേശിയായ ജോബ് സക്കറിയയും 6 മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഷേർളിയുടെ പേരിലാണ് വീടുള്ളത്. വീട്ടിൽ നടന്നത് യുവതിയെ കൃത്യം നടത്തിയ ശേഷം യുവാവ് ജീവനൊടുക്കിയത് ആണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
6 മാസങ്ങള്‍ക്ക് മുമ്പ് താമസം തുടങ്ങിയെങ്കിലും, നാട്ടുകാരുമായോ അയൽവാസികളുമായോ ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ആരോടും അധികം സംസാരിക്കാറുണ്ടായിരുന്നില്ല. ഇരുവരും ഒരു കാറിൽ പോവുന്നു, തിരിച്ചുവരുന്നു എന്നതിലപ്പുറം വേറെ കാര്യമായ വിവരങ്ങളൊന്നും അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഭർത്താവ് മരിച്ചെന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്നും തുടങ്ങി പല കഥകളാണ് ഇവർ പലരോടുമായി പറഞ്ഞിരുന്നത്.
ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങള്‍
നിലനിന്നിരുന്നതായാണ് പോലീസിന് ലഭിച്ച സൂചന. ജോബിനെതിരേ ഷേർളി മുൻപ് പോലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഈ തർക്കങ്ങളാണോ ഇതിലേക്ക് നയിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇരുവരുടേയും ബന്ധുക്കളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി സാജു വർഗീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി..
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്ത് മുറിഞ്ഞ നിലയിലും, യുവാവിനെ സ്റ്റെയർകേസിൽ ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട് പോലീസ് സീൽ ചെയ്‌തു. സയന്റഫിക് വിദഗ്ധരെത്തിയശേഷം വീടുതുറന്ന് പരിശോധന നടത്തും.

Comments
Post a Comment