കേരളത്തിന്റെ കാരുണ്യത്തിന് വിട. 22 വയസ്സുകാരി തിരികെ വരുമെന്ന് തോന്നിപ്പിച്ചു, ഒടുവിൽ വേദനയായി മടക്കം.
കൊച്ചി: കേരളത്തിന്റെ കാരുണ്യത്തിനും വൈദ്യശാസ്ത്ര മികവിനും സാക്ഷിയായി നിന്നിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി ഒടുവിൽ മരണത്തിന് കീഴടങ്ങി 22 വയസ്സായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ചരിത്രപരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതിയ ദുർഗ, ഇന്നലെ രാത്രി 10.05 ഓടെയാണ് അന്തരിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മികച്ച രീതിയിൽ പ്രതികരിച്ചിരുന്ന ദുർഗയുടെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പുരോഗതി ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉച്ചയോടെ എക്മോ സപ്പോർട്ട് മാറ്റി. കട്ടിലിൽ എഴുന്നേറ്റിരിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്ത ദുർഗ ജീവിതത്തിലേക്ക് മടങ്ങിവരുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ വൈകുന്നേരം 4 മണിയോടെ അപ്രതീക്ഷിതമായി ഹൃദയത്തിന്റെയും, ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലയ്ക്കുക ആയിരുന്നു. 6 മണിക്കൂറോളം ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു..
ഹൃദയഭിത്തികൾ കനക്കുന്ന 'ഡാനൺ' എന്ന ജനിതക രോഗബാധിതയായിരുന്ന ദുർഗ, 10 മാസത്തോളമാണ് അനുയോജ്യമായ ഒരു ഹൃദയത്തിനായി കാത്തിരുന്നത്. ഒരു വിദേശിക്ക് അവയവദാന പട്ടികയിൽ മുൻഗണന ലഭിക്കാൻ നിയമപരമായ തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഹൈക്കോടതിയുടെ ചരിത്രപരമായ ഇടപെടലിലൂടെയാണ് അതിന് വഴിതുറന്നത്. ഒരു അനാഥാലയ നടത്തിപ്പുകാരന്റെ തണലിൽ കേരളത്തില്‍ എത്തിയ ഈ പെൺകുട്ടിക്ക് തണലായത് മലയാളികളുടെ വലിയ മനസ്സായിരുന്നു..
കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയിൽ തുടിച്ചത്. ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംഭവമായിരുന്നു ഇത്. ഇതിനായി സർക്കാർ ഒന്നര കോടിയോളം രൂപ ചിലവിട്ട് അത്യാധുനിക സൗകര്യങ്ങൾ ജനറൽ ആശുപത്രിയിൽ ഒരുക്കിയിരുന്നു..
കഠിനമായ പരിശ്രമങ്ങൾ നടത്തിയെങ്കിലും ദുർഗയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ല' എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ദുർഗയുടെ വിയോഗം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കും പ്രാർത്ഥനയോടെ കാത്തിരുന്ന പൊതുസമൂഹത്തിനും വലിയ നോവായി മാറിയിരിക്കുകയാണ്...

Comments
Post a Comment