ട്രെയിൻ യാത്രയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം, ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം..
ഭുവനേശ്വറില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ യാത്ര തിരിച്ചതാണ് മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവർ സംഘം.
ട്രെയിനില്‍ തങ്ങള്‍ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കുട്ടികളുടെ വിവരങ്ങള്‍ അന്വേഷിച്ച് നടത്തിയ ഇടപെടലിലൂടെ 21 കുട്ടികളുടെ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ ടി.എസ് സുബീഷ് (പുത്തൻവേലിക്കര), കെ.എം മജീഷ് (കൂത്താട്ടുകുളം) പി.എസ് സുജിത്ത് ലാല്‍ (മുനമ്പം) എന്നിവർ.
കേസന്വേഷണത്തിൻ്റെ ഭാഗമായി ഒഡീഷയില്‍ പോയ സംഘം വിവേക് എക്സപ്രസിലാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഇവരുടെ സീറ്റിന് സമീപത്തായി ഏകദേശം 10 - 14 വയസ്സ് തോന്നിക്കുന്ന കുറച്ച് കുട്ടികള്‍ ഒരുമിച്ച് ഇരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ട്രെയിനില്‍ കൊണ്ടു വരുന്ന ഭക്ഷണങ്ങള്‍ അവരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി. തുടർന്ന് അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ട്രെയിനില്‍ പല ബോഗികളിലായി ഇനിയും കുട്ടികള്‍ ഉണ്ടെന്നും പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമെന്നും കുട്ടികളല്ലാത്ത 2 പേർ കൂടെ ഒപ്പം ഉണ്ടെന്നും കുട്ടികള്‍ പറഞ്ഞു. ബീഹാറില്‍ നിന്നുമാണ് വന്നതെന്നും സ്കൂളില്‍ പോകാറില്ലെന്നും പറഞ്ഞത് സംശയം ശക്തമാക്കി. ഇതോടെ കുട്ടികളുടേയും അവരുടെ കൂടെ വന്നവരുടെയും ഫോട്ടോ എടുത്ത് എറണാകുളം റൂറല്‍ ജില്ലയിലെ എസ്.എസ്.ബിയിലെ സബ് ഇൻസ്പെക്ടർ ഷാനിന് ഫോണ്‍ മുഖാന്തിരം കൈമാറി. വാട്ട്സ് ആപ്പില്‍ ഫോട്ടോയും ട്രെയിനിൻ്റെ ഡീറ്റെയ്ല്‍സും അയച്ചു കൊടുക്കുകയും ചെയ്തു. ഷാൻ പാലക്കാട് എസ്.എസ്.ബിയുമായി ബന്ധപ്പെടുകയും 11-ാം തിയ്യതി ട്രെയിൻ പാലക്കാട് എത്തിയപ്പോള്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി കുട്ടികളോടും കൂടെയുണ്ടായിരുന്നവരോടും വിവരങ്ങള്‍ തിരക്കി.
ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിക്കുകയും ചെയ്തെങ്കിലും രേഖകള്‍ വ്യക്തമല്ലാത്തതിനാലും മൊഴികളില്‍ അവ്യക്തതയുള്ളതിനാലും പാലക്കാട് പോലീസ് നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments
Post a Comment