വട്ടുകുളാരവാവേശം_2026..🥅⚽
തലയാടിന്റെ പോരാട്ടവീര്യത്തെ അതിജീവിച്ച് വാഴക്കാട് ക്വാർട്ടറിൽ
സീസൺ @ 40🔥
ഉദ്ഘാടന മത്സരം, 21/01/2026
മത്സരം01
മിലാഷ് വാഴക്കാട് : 1
MSR FC തലയാട് : 0
കേരളത്തിലെ ആദ്യ ഗ്രാമീണ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വർഷാവർഷം നടന്ന് വരുന്ന കാൽപന്ത് മാമാങ്കത്തിന് ഉജ്ജ്വല തുടക്കം..!
"കായിക പ്രേമികളായ നാട്ടുകാരെ, 40-)മത് ഫാ.ജോർജ് വട്ടുകുളം സ്മാരക ഫുട്‌ബോൾ ടൂർണമെന്റിലേക്ക് നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു.... ഇന്ന് നടക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ......
... ......"
വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റ് ആസ്വദിക്കാനെത്തുന്ന കായിക പ്രേമികൾക്ക് സുപരിചിതമാണീ ശബ്ദം..ഗ്യാലറിക്ക് ആവേശമായി ടോം ജേക്കബ് തടത്തിൽ പതിവ് പോലെ പവലിയനിലെ അനൗൺസ്മെന്റ് സീറ്റിലുണ്ട്.
ഉദ്ഘാടനത്തിന് മുന്നോടിയായി പള്ളിമുറ്റത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര അക്ഷരാർഥത്തിൽ വർണമേളങ്ങളുടെ താളഘോഷമായിരുന്നു. മുത്തുകുടയേന്തിയ യുവതികളും വർണബലൂണകളേന്തിയ യുവാക്കളും ജൂബിലി സ്റ്റേഡിയത്തെ നിറക്കൂട്ടിൽ ആറാടിച്ചു. ദ്രുതതാളങ്ങളുടെ ഹർഷവേഗവുമായി കല്ലാനോട് സെന്റ് മേരീസ് ഹൈസ്ക്കൂളിന്റെ സ്വന്തം ബാൻഡ് സെറ്റ് ടീം കാണികളെ ആവേശത്തിൻടെ കൊടുമുടിയിലെത്തിച്ചു.
കുറച്ചു വർഷങ്ങളായി കൂരാച്ചുണ്ടിലെ ടീമുകളെ പോലെ തന്നെ മലയോരത്തെ ജനങ്ങൾ സ്വന്തം ടീമുകളിലൊന്നായി ഏറ്റെടുത്ത വട്ടുകുളത്തിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളിൽ പേരെഴുതി ചേർത്ത തലയാടും , മലപ്പുറം വമ്പൻമാരും മുൻ ജേതാക്കളുമായ വാഴക്കാടും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.
ഉദ്ഘാടന മത്സരത്തിലെ ടീമുകളേക്കാൾ ഇന്നത്തെ വിശേഷം ടൂർണമെന്റിന്റെ ഉദ്ഘാടകനായിരുന്നു.
*മ്മളെ തൃശൂർ ഗഡി ജോപോൾ അഞ്ചേരി..*
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞിട്ട് കളിയിലേക്ക് വരാം..
ഫുട്ബോൾ കളിക്കളങ്ങളിൽ വേഗതയേറിയ നീക്കങ്ങൾ കൊണ്ടും കൃത്യതയുള്ള ഫിനിഷിങ്ങ് കൊണ്ടും ശ്രദ്ധേയരായ സ്ട്രൈക്കർമാരുണ്ടാകാം, പാറ പോലെ ഉറച്ചു നിന്ന് എതിർ മുന്നേറ്റക്കാരുടെ മുനയൊടിക്കുന്ന പ്രതിരോധ നിരക്കാരുണ്ടാകാം, ഗോൾ ബാറിനു കീഴിൽ മിന്നൽ സേവുകൾ നടത്തി മത്സരം ഒറ്റക്ക് ജയിപ്പിക്കാൻ കഴിയുന്ന ഗോൾകീപ്പർമാരുണ്ടാകാം, തന്ത്രശാലികളായ കോച്ചുമാരുണ്ടാകാം...എല്ലാവരും ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നവർ!
എന്നാൽ പ്രതിരോധ നിരയിലും, മിഡ്ഫീൽഡിലും, മുന്നേറ്റനിരയിലും പന്തുതട്ടി എന്തിനധികം സ്വന്തം ടീമിന്റെ ഗോൾ പോസ്റ്റിൽ വരെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഫുട്ബോളർ ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം!
SBT തിരുവനന്തപുരം, FC കൊച്ചിൻ, കൊൽക്കത്ത മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, JCT തുടങ്ങിയ ടീമുകളുടെ അമരക്കാരൻ.. കേരളത്തിന്റെയും ബംഗാളിന്റെയും സന്തോഷ് ട്രോഫി ടീമുകളിലെ നിറസാന്നിധ്യം- മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി!
നാലാളറിയുന്ന കളിക്കാരൻ, കോച്ച് എന്നതിലുപരി കളത്തിനു പുറത്ത് ഐഎസ്എൽ കമന്ററി ബോക്സിലും വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ താരത്തിന്റെ സാന്നിധ്യം ടൂർണമെന്റിന്റെ യശസ് വാനോളമുയർത്തുമെന്നത് തീർച്ച.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ച ടൂർണമെന്റിൽ, ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു കടുകൻമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.
കളിയിലേക്ക് വന്നാൽ
വാഴക്കാടിന്റെ ഒരു താരത്തെ മാറ്റി നിർത്തിയാൽ രണ്ട് ടീമുകളിലും മലയാളിത്തത്തിനൊപ്പം യുവത്വത്തിന്റെ പ്രസരിപ്പും നിറഞ്ഞു നിന്നിരുന്നു. 2017,18 സീസണിൽ കോയിൻസ് കൂരാച്ചുണ്ടിന് വേണ്ടി ബൂട്ടണിഞ്ഞ യൂസഫ് ആണ് ആ വിദേശ താരമെന്ന് ഒറ്റ നോട്ടത്തിൽ സുമിൻ വക്കീൽ ഓർത്തടുത്തത് ആശ്ചര്യമായി.
തലയാടിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് തുടക്കമായത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് തലയാടിന്റെ വിധി നിർണയിക്കുമെന്ന് കിക്ക് എടുക്കും വരെ ആരും കരുതിയിരുന്നില്ല. എന്നാൽ മനോഹരമായ ഒരു ഹെഡറിലൂടെ വാഴക്കാടിന്റെ ജഴ്സി നമ്പർ 9 അശ്വന്ത് തലയാടിന്റെ ഗോൾ വലയും ഒപ്പം ഹൃദയവും കുലുക്കി.
മിനിറ്റുകൾക്ക് ശേഷം ഗോൾ എന്നുറപ്പിച്ച ഒരു സുവർണാവസരം വാഴക്കാടിന്റെ ബോക്സിനകത്ത് ലഭിച്ചിരുന്നുവെങ്കിലും ഹെഡ് ചെയ്യാൻ പോയ തലയാടിന്റെ മുന്നേറ്റനിര താരത്തിന് ഉന്നം തെറ്റിയത് കൊണ്ട് വാഴക്കാട് രക്ഷപ്പെട്ടു. പിന്നീട് ആദ്യ പകുതി അവസാനിക്കും വരെ ഇരു ടീമുകളും മുന്നേറ്റങ്ങൾ തുടർന്നുവെങ്കിലും ആദ്യ പകുതി 1-0യ്ക്ക് അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മുറിവേറ്റ സിംഹങ്ങളെ പോലെ വാഴക്കാടിന്റെ ഗോൾ മുഖത്ത് തലയാടിന്റെ തുടരെ തുടരെയുള്ള മുന്നേട്ടങ്ങൾക്കാണ് ഗ്യാലറി സാക്ഷ്യം വഹിച്ചത്. എന്നാൽ ഗോൾ മാത്രം വിട്ടു നിന്നു. ഭാഗ്യവും വാഴക്കാടിന് അനുകൂലമായി. അല്ലെങ്കിൽ തലയാട് താരത്തിന്റെ മനോഹരമായ ആ നെടുനീളൻ ഷോട്ട് വാഴക്കാടിന്റെ ഗോൾബാർ കുലുക്കി പുറത്തേക്ക് പോകില്ലായെന്ന് അടുത്തിരുന്ന് കളി കണ്ട ചേട്ടന്റെ കമന്റ്. ഇരു ടീമുകളും
ഇടയ്ക്ക് പരുക്കൻ അടവുകൾ കൂടി പുറത്തെടുക്കാൻ തുടങ്ങിയതോടെ റഫറിക്ക് ആറ് മഞ്ഞക്കാർഡ് കാണിക്കുന്നതിനും ഗ്യാലറി സാക്ഷ്യം വഹിച്ചു. വാഴക്കാടും ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മടി കാണിക്കാതിരുന്നതോ ടെ സ്കോർ ബോർഡിൽ പിന്നെ അനക്കമൊന്നും ഉണ്ടായില്ല..
ഉദ്ഘാടന മത്സരത്തിൽ വിജയം നേടാൻ സാധിച്ചത് വാഴക്കാട് ടീം അംഗങ്ങൾ ആഘോഷമാക്കി.
നല്ല മത്സരം കാഴ്ച വെച്ചിട്ടും തോറ്റു പോയതിന്റെ നിരാശ തലയാടിന്റെ ടീം ബെഞ്ചിൽ പ്രകടമായിരുന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാഴക്കാടിന് നേരിടേണ്ടി വരുക ചാലിടത്തിന്റെ പോരാളികളെ ആയിരിക്കും.. 🔥
ഓരോ മത്സരത്തിലെയും മികച്ച താരത്തിന് നൽകി വരുന്ന *PLAYER OF THE MATCH* ട്രോഫിയ്ക്ക് വാഴക്കാടിന്റെ ഗോൾ സ്കോറർ അശ്വന്ത് അർഹനായി. മരുതോങ്കര പള്ളി അസി വികാരി ഫാ.മനു കുരൂർ ഉപഹാരം കൈമാറി.
അഭിനന്ദനങ്ങൾ ടീം വാഴക്കാട്...തലയാടിന്റെ പോരാട്ടവീര്യത്തിനും ആശംസകൾ.. 🥰
ഇനി നാളത്തെ കളിയിലേക്ക് വരാം
വൈകുന്നേരം അഞ്ച് മണിക്ക് ആണ് വട്ടുകുളം കിക്കോഫ്.
എന്നാൽ പ്രിയരേ, ഇനിയൊരു മൂന്ന് ദിവസം നിങ്ങൾ അഞ്ചിനല്ല നാല് മണിക്ക് ഗ്രൗണ്ടിൽ എത്തണം.. ഇല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം ആയിരിക്കും.
ഒരു കാലത്ത്... അതായത് പണ്ട് പണ്ട്..ഉള്ള ഒരു ഫുട്‌ബോൾ കാലത്തേക്ക് ഞാൻ നിങ്ങളെ കൂട്ടി കൊണ്ട് പോകുന്നു.......
ലൗഡ് സ്പീക്കറിലൂടെ ഉയരുന്ന സിനിമ ഗാനങ്ങളെ ഇടക്ക് കട്ട് ചെയ്ത് അനൗൺസ്‌മെന്റ് കൂടെകൂടെ മുഴങ്ങുന്നുണ്ട്''
"...ടിക്കറ്റ് കരസ്തമാക്കാതെ പുറത്ത് നിൽക്കുന്ന മാന്യ ഫുട്ബോൾ പ്രേമികൾ എത്രയും പെട്ടന്ന് ടിക്കറ്റുകൾ കരസ്തമാക്കി ഗ്രൗണ്ടിനകത്തു പ്രവേശിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു........"
അലോസരപെടുത്താൻ... ഇന്റർനെറ്റും മൊബൈലും ഇല്ലാത്ത കാലം....
ഗ്രൗണ്ടിൽ വന്നാൽ മാത്രം കളി വിശേഷങ്ങൾ അറിയാൻ പറ്റുമായിരുന്ന കാലം...
വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങുന്ന മത്സരങ്ങൾ കാണാൻ പ്രായഭേദമന്യേയുള്ളവർ തിടുക്കത്തിൽ പണി നിറുത്തിയും സ്കൂൾ വിട്ടും മറ്റും നേരത്തെ തന്നെ ജൂബിലി സ്റ്റേഡിയത്തിൽ എത്തിയിരുന്ന കാലം..
നടന്നും...സൈക്കിളിൽ ട്രിപിൾസ് അടിച്ചും..ചങ്ങാടം വലിച്ചും പൂരാവേശത്തോടെ ഒറ്റക്കും കൂട്ടായും അവർ എത്തിതുടങ്ങും..
ഇന്നത്തെ ISL മാതിരിയുള്ള ടൂർണമെന്റുകൾ കളിക്കാൻ പ്രതിഭയുള്ള എണ്ണമറ്റ കളിക്കാർ അന്ന് കൂരാച്ചുണ്ടിന്റെ വിവിധ മേഖലകളിൽ മാത്രം ഉണ്ടായിരുന്നു.... ജീവിത യഥാർഥ്യങ്ങളിൽ തട്ടി പ്രതിഭ നഷ്ടപെട്ട അവരിൽ പലരും ഇന്ന് നിരാശയോടെ സായാഹ്നത്തിൽ എത്തി നിക്കുന്നു.... ഒന്നും നേടാതെ...ഫുട്ബോളിനെ സ്നേഹിച്ചു എന്ന ഒറ്റക്കാരണത്താൽ ഒന്നുമാകാത്തവരും ഉണ്ട് ആ കൂട്ടത്തിൽ.....
അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ വൈകുന്നേരം നാല് മണി അവരുടെ കളിയാണ്.. 40 വയസ് പിന്നിട്ട, ഒരു കാലത്ത് കാൽപന്ത് മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ച നമ്മുടെ പൂർവികരുടെ പോരാട്ടം.. നിറഞ്ഞ കയ്യടിയും പ്രോത്സാഹനങ്ങളുമായി നിങ്ങളും ഉണ്ടാകണം... നമുക്ക് ഉഷാറാക്കാം..!
ഒന്നൂടെ പറയാം നാളെ വ്യാഴാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന വെറ്ററൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ
*MYC കക്കയം VS MSR തലയാട്* മത്സരവും അതിന് ശേഷം വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിൽ
ആതിഥേയരരായ
*യംഗ്സെറ്റ്ലേഴ്സ് സ്പോർട്സ് ക്ലബ് കല്ലാനോട്* മലപ്പുറം കൊമ്പൻമാരായ
*FC_അരീക്കോടുമായി* ജൂബിലി🔥 സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും..
ഇരു ടീമുകൾക്കും വിജയാശംസകൾ..
Lets football..⚽🥰
✒️ നിസാം കക്കയം
9400364335

Comments
Post a Comment