15 വർഷത്തെ പ്രവാസം വിധി കവർന്നെടുത്തു. ബാഡ്മിന്റൺ കോർട്ടിൽ വീണത് ബാലുശ്ശേരി സ്വദേശി ഷംനാസിന്റെ ഉയിർ,
ബാലുശ്ശേരി: പ്രവാസ ഭൂമിയിൽ നിന്നും വീണ്ടും ഒരു കണ്ണീർവാർത്ത. കളിക്കളത്തിലെ ആവേശത്തിനിടയിൽ മരണം നിശബ്ദനായി വന്ന് ആ പ്രിയപ്പെട്ടവനെ കൂട്ടിക്കൊണ്ടുപോയി. കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ബാലുശ്ശേരി സ്വദേശി മീത്തൽ ഷംനാസ് അന്തരിച്ചു 38 വയസ്സായിരുന്നു പ്രായം.
15 വർഷമായി പ്രവാസത്തിന്റെ കഠിനാധ്വാനത്തിലൂടെ കുടുംബത്തിന്റെ തണലായി മാറിയ ഷംനാസിന്റെ വേർപാട് അക്ഷരാർത്ഥത്തിൽ നാടിനെ നടുക്കിയിരിക്കുകയാണ്. ഇന്നലെ പുലർച്ചെ, കളിക്കളത്തിൽ തളർന്നുവീണ ഷംനാസിനെ കൂടെയുള്ളവർ പ്രാർത്ഥനയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ നിലനിർത്താനായില്ല.
ഒരു ഗ്രാഫിക് ഡിസൈനറായ ഷംനാസിന്റെ കലാവിരുതുകൾ പോലെ തന്നെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും. കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയായ സജീറയ്ക്കും, തങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഇനി വരില്ലെന്ന സത്യം തിരിച്ചറിയാത്ത യഅഖൂബ്, ഫൈഹ എന്നീ കുരുന്നുകൾക്കും ഈ വിയോഗം തീരാനഷ്ടമാണ്..
മകന്റെ വരവും കാത്തിരിക്കുന്ന അബ്ദുറഹിമാന്റെയും, സലീനയുടെയും കണ്ണീർ ബാലുശ്ശേരിയുടെ വിങ്ങലായി മാറുന്നു. പ്രിയപ്പെട്ടവരുടെ അടുത്തേക്ക് അവസാനമായി എത്തിക്കാനുള്ള ശ്രമങ്ങൾ സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്...

Comments
Post a Comment