സ്നേഹിച്ച് മതിയാകാതെ റഷ്യ, അഞ്ചാം തലമുറ യുദ്ധവിമാന എൻജിനും ടെക്നോളജിയും നൽകാമെന്ന് വാഗ്ദാനം
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയ വഴിത്തിരിവായേക്കാവുന്ന സുപ്രധാനമായ വാഗ്ദാനം മുന്നോട്ട് വെച്ച് റഷ്യ. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാന എൻജിൻ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ സന്നദ്ധമാണെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് യുദ്ധവിമാന എൻജിൻ സാങ്കേതികവിദ്യാ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നതെന്നാണ് വിവരം. എസ്.യു-57 ഇയ്ക്കുവേണ്ടി റഷ്യൻ പ്രതിരോധ സ്ഥാപനമായ യുണൈറ്റഡ് എൻജിൻ കോർപ്പറേഷൻ (യുഇസി) വികസിപ്പിച്ച ഇസ്ഡെലിയെ 177 എസ് (Izdeliye 1775 or Product (1775) വെക്റ്ററിംഗ് എൻജിനാണ് ഇന്ത്യയ്ക്ക് നൽകാമെന്ന് അറിയിച്ചിരിക്കുന്നത്.
സമ്പൂർണ നിർമ്മാണ രേഖാചിത്രങ്ങൾ, മെറ്റലർജി, കിസ്റ്റൽ ബ്ലേഡ് കാസ്റ്റിംഗ്, പ്ലാസ്മ കോട്ടിംഗുകൾ, ടെസ്റ്റ്-ബെഡ് പ്രോട്ടോക്കോളുകൾ എന്നിവ ഉൾപ്പെടെ എല്ലാം കൈമാറ്റം ചെയ്യാമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യ നിലവിൽ റഷ്യൻ യുദ്ധവിമാനമായ സുഖോയ് 30 എംകെഐയ്ക്ക് ആവശ്യമായ എൻജിനുകൾ നിർമിക്കുന്നുണ്ട്.
എ.എൽ-31എഫ്.പി എന്ന ഈ യുദ്ധവിമാന എൻജിൻ റഷ്യൻ ലൈസൻസോടെ ഇന്ത്യയിൽ നിർമിക്കുന്നത് ഒഡിഷയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിന്റെ (HAL) കോരാപുട്ട് ഡിവിഷനിലാണ്. ഇതേ സ്ഥലത്തുതന്നെയാകും പുതിയ എൻജിനും നിർമിക്കുക എന്നാണ് വിവരങ്ങൾ. ഇസ്ഡെലിയെ 177 എസ് എൻജിനേപ്പറ്റി ഇന്ത്യയിൽ നിന്നുള്ള സംഘത്തിന് റഷ്യ ഇതിനോടകം നേരിട്ട് വിശദീകരിച്ചിട്ടുണ്ട്. എൻജിന്റെ പ്രവർത്തനവും യുഎസി ഉദ്യോഗസ്ഥർ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻജിൻ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ റഷ്യ സന്നദ്ധമാകുന്നത്.
സുഖോയ് 30 എംകെഐ വിമാനങ്ങളിൽ ഉപയോഗിക്കുന്ന എ.എൽ-31എഫ്.പിയേക്കാൾ ശക്തിയേറിയതും ഇന്ധനക്ഷമതയേറിയതുമാണ് ഇസ്ഡെലിയെ 177എസ്. എ.എൽ-31എഫ്.പി ഇന്ത്യയിൽ നിർമിക്കുന്നതുപോലെ ആദ്യഘട്ടത്തിൽ ഇതിലെ 54 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമിതമായിരിക്കും. പിന്നീട് ഇത് ക്രമാനുഗതമായി ഉയർത്താം. എസ്.യു 57 ഇയ്ക്ക് പുറമെ ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളിലും ഇവയെ ഉപയോഗിക്കാനാകും. എയർഫ്രെയിമിൽ മാറ്റം വരുത്താതെ തന്നെ ഈ എൻജിൻ മാറ്റിവയ്ക്കാമെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ പരിഷ്‌കരിച്ചാൽ സുഖോയ് 30 എംകെഐ വിമാനങ്ങളെ 2040 വരെ ഉപയോഗിക്കാൻ കഴിയും
എ.എൽ-31എഫ്.പിയിൽ നിന്ന് പരിഷ്കരിച്ചെടുത്ത എൻജിനാണെങ്കിലും അതിനേക്കാൾ പല കാര്യങ്ങളും ഇസ്ഡെലിയെ 177എസ് വ്യത്യാസപ്പെട്ടിരിക്കുന്നു. എസ്.യു-57 ഇയ്ക്ക് വേണ്ടി റഷ്യ മറ്റൊരു എൻജിൻ കൂടി വികസിപ്പിക്കുന്നുണ്ട്. ഇസ്ഡെലിയെ 30' (എ.എൽ-51) എന്ന് വിളിക്കുന്ന ഈ എൻജിനിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ ഇസ്ഡെലിയെ 177എസിലുണ്ടാകും. മെച്ചപ്പെടുത്തിയ ഡിജിറ്റൽ ഫുൾ-അതോറിറ്റി കൺട്രോൾ (FADEC), നൂതനമായ ലോ-പ്രഷർ കംപ്രസ്സർ, ഉയർന്ന ടർബൈൻ ഇൻലെറ്റ് താപനില, മെച്ചപ്പെട്ട ഈടുനിൽപ്പുള്ള ഹോട്ട്-സെക്ഷൻ മെറ്റീരിയലുകൾ എന്നിവയാണ് ഇതിൽ പ്രധാനം. എൻജിൻ്റെ പ്രവർത്തനവും കാര്യക്ഷമതയും ശക്തിയും വർധിപിക്കന്നതാണ് ഈ സംവിധാനങ്ങൾ, ഇതിന് പുറമെ ഡ്രൈ ത്രസ്റ്റിലും ഇന്ധന ഉപഭോഗത്തിലും എ.എൽ-31എഫ്.പിയേക്കാൾ ബഹുദൂരം മുന്നിലാണ് ഇസ്ഡെലിയെ 177 എസ്.ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാന വികസനത്തിൽ നിർണായകമായ സാങ്കേതികവിദ്യാ കൈമാറ്റമാകും ഇത് സാധ്യമായാൽ ഉണ്ടാകാൻ പോകുന്നത്. റഷ്യ അതിന്റെ സഖ്യകക്ഷികൾക്ക് ആർക്കും ഇത്രയും ഉദാരമായ സഹകരണം വാഗ്ദാനം
ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാന വികസനത്തിൽ നിർണായകമായ സാങ്കേതികവിദ്യാ കൈമാറ്റമാകും ഇത് സാധ്യമായാൽ ഉണ്ടാകാൻ പോകുന്നത്. റഷ്യ അതിന്റെ സഖ്യകക്ഷികൾക്ക് ആർക്കും ഇത്രയും ഉദാരമായ സഹകരണം വാഗ്ദാനം ചെയ്തിട്ടില്ല. നിലവിൽ എസ്.യു-57 ഇ യുദ്ധവിമാനം നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള എസ്.യു-57 ന്റെ്റെ പ്രത്യേക പതിപ്പ് ഇന്ത്യയിൽ തന്നെ നിർമിക്കാൻ സഹായിക്കുന്ന സാങ്കേതിക കൈമാറ്റവും സോഴ്സ് കോഡ് കൈമാറ്റവും റഷ്യ വാഗ്‌ദാനം ചെയ്തിരുന്നു. ഇതിന് പുറമെയാണ് എൻജിൻ സാങ്കേതികവിദ്യയും കൈമാറാനൊരുങ്ങുന്നത്.
റീനിയം അടങ്ങിയ ഡയറക്ഷണലി സോളിഡിഫൈഡ്, സിംഗിൾ-ക്രിസ്റ്റൽ ടർബൈൻ ബ്ലേഡുകൾ, മൂന്നാം തലമുറ തെർമൽ ബാരിയർ കോട്ടിങ്ങുകൾ, ബ്രഷ്-സീൽ തുടങ്ങി പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ അകറ്റി നിർത്തിയിരുന്ന സാങ്കേതികവിദ്യകളാണ് നൽകാമെന്ന് റഷ്യ അറിയിച്ചത്.
നിലവിൽ എ.എൽ -31 എഫ്.പി നിർമിക്കുന്ന കോരാപുട്ടിലെ പ്രൊഡക്ഷൻ ലൈൻ 77എസ് ഉത്പാദനത്തിനായി സൗകര്യങ്ങൾ നവീകരിക്കുന്നതിന് ഏകദേശം 2,800 കോടി രൂപ ആവശ്യമായി വരും. ഇത് ദീർഘകാല നേട്ടം വെച്ച് നോക്കിയാൽ വലിയ തുകയല്ല എന്നാണ് റഷ്യ വാദിക്കുന്നത്. ഇവിടെ പുതിയ ഉദ്പാദന കേന്ദ്രം സ്ഥാപിച്ചാൽ 2030 മുതൽ നിർമാണം ആരംഭിക്കാമെന്നാണ് കരുതുന്നത്.


Comments
Post a Comment