ഇലവീഴാപൂഞ്ചിറയിൽ സ്നേഹം പൊഴിയുന്നില്ല

 




മൂലമറ്റം:മുൻ സിനിമാ 'താര'മായ സൈറയെന്ന തെരുവുനായയും നിബി തോമസും തമ്മിലുള്ള സ്നേഹം കളങ്കമില്ലാത്തതാണ്. സൈറയെ കാണാതെ പോയതും പിന്നീട് നിബിക്ക് തിരികെ കിട്ടിയതും സിനിമാക്കഥയെ വെല്ലുന്ന സംഭവം.

 അത് ഇങ്ങനെ:

2021-ൽ പുറത്തിറങ്ങിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമയിൽ അഭിയിക്കാനായെത്തിച്ചതാണ് സൈറയെ. സിനിമയുടെ അണിയറ പ്രവർത്തകനായ വൈക്കം ഉണ്ണിയാണ് സൈറയെയും ഒപ്പം പിറന്ന മറ്റൊരു നായയെയും അവയുടെ തള്ളയേയും ഇലവീഴാപൂഞ്ചിറയിലെ സെറ്റിലെത്തിച്ചത്.

ഇടിമിന്നലേറ്റ് ചത്ത തള്ളനായയുടെ രണ്ട് കുട്ടികളിലൊന്ന്. അതായിരുന്നു സിനിമയിലെ സൈറയുടെ 'വേഷം'തനി നാടനായിരുന്നെങ്കിലും അസാധാരണ ബുദ്ധിയുണ്ട് സൈറയ്ക്ക്. എന്ത് പറഞ്ഞാലും അനുസരിക്കും. സ്നേഹവും ഉണ്ടായിരുന്നു. സൈറയെന്ന പേരിട്ടത് സിനിമയുടെ തിരക്കഥാകൃത്ത് ജി.നിധീഷ്.

ചിത്രീകരണം കഴിഞ്ഞപ്പോൾ, സിവിൽ പോലീസ് ഓഫീസർ നിധീഷിനൊപ്പംകൂടി സൈറ. നിധീഷിന് ഇലവീഴാപൂഞ്ചിറ വയർലെസ് റ്റേഷനിലായിരുന്നു അപ്പോൾ ഡ്യൂട്ടി. പൂട്ടിയിട്ടാൽ അക്രമാസക്തയാകുമെന്നതിനാൽ സൈറയുടെ പരിപാലനം പ്രശ്നമായി. അതിനിടെ, നിധീഷിന് അവിടം വിട്ടുപോകേണ്ടിവന്നു. അങ്ങനെ സൈറ ഇലവീഴാപൂഞ്ചിറയുടേതായി. ഇതിനിടെ പലതവണ പെറ്റു.

എട്ടുമാസം മുമ്പാണ് യാത്രയ്ക്കിടെ, നിബി തോമസ് (48) സൈറയെ കണ്ടത്. പിന്നീട് കണ്ടപ്പോഴെല്ലാം സൈറയ്ക്ക് തീറ്റ നൽകി. ഇരുവരും സൗഹൃദത്തിലായി.

സാഹസിക വിനോദ പരിശീലകൻകൂടിയായ നിബിക്കൊപ്പം ട്രക്കിങ്ങിനും മറ്റും സൈറയും പോയി. മലയും കുന്നും പുഴയുമെല്ലാം അവൾ അനായാസം കടന്നു. ഇടയ്ക്ക് രോഗംവന്നു. എറണാകുളത്ത് ആശുപത്രിയിൽ രണ്ടാഴ്‌ച കിടത്തി ചികിത്സിച്ചു.

ഡിസ്ചാർജ്‌ ചെയ്‌ത്‌ സൈറയെ നിബി തോമസ് തന്റെ ആലക്കോട്ടെ വീട്ടിൽ കൊണ്ടുവന്നു. സന്തോഷമായി കാര്യങ്ങൾ നീങ്ങുന്നതിനിടെ, നിബിക്ക് രണ്ടുദിവസം വീട്ടിൽനിന്ന് മാറി നിൽക്കേണ്ടിവന്നു. നിബിയുടെ അച്ഛൻ ബേബിയും അമ്മ സൂസമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സൈറ നിബുവിനെ അന്വേഷിച്ചിറങ്ങി.വഴിതെറ്റിപ്പോയി.

നിബി കാത്തിരുന്നിട്ടും സൈറ തിരികെ വന്നില്ല. നാട് മുഴുവൻ തിരഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ അപ്രതീക്ഷിതമായി സാമൂഹ്യമാധ്യമത്തിലെ വീഡിയോ കണ്ടാണ് അവളെ തിരിച്ചറിഞ്ഞത്. അവൾ മുട്ടത്ത് എത്തിയിരുന്നു. നിബി അവിടെ പാഞ്ഞെത്തി. ഇരുവരും തമ്മിലുള്ള സമാഗമം വികാരഭരിതമായിരുന്നു. അറിയാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിബിയുടെ ദേഹത്തേക്ക് സൈറ ചാടിക്കയറി.

ഇപ്പോൾ ആലക്കോടുള്ള നിബിയുടെ വീട്ടിൽ സൈറ ഉണ്ട്. വിവിധയിനങ്ങളിൽപ്പെട്ട ഏതാനും നായകൾക്കൂടി ഈ വീട്ടിലുണ്ടെങ്കിലും അവയ്ക്കൊപ്പം സൈറ കിടക്കില്ല. വീട്ടിനുള്ളിലാണ് താമസം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി