കോട്ടൂരിൽ ഭാഗ്യദേവത ആരെ തുണയ്ക്കും; പ്രതീക്ഷയിൽ മുന്നണികൾ

 



 കൂട്ടാലിട: കോട്ടൂരിലെ ഇടത് കോട്ട ഇത്തവണ ഒപ്പത്തിനൊപ്പം. ഗ്രാമപഞ്ചായത്തിലെ 20 സീറ്റുകളിൽ 10 സീറ്റുകൾ വിതം നേടിയ ഇരുമുന്നണികളും ആകാംക്ഷയുടെ മുൾമുനയിലാണ്. കഴിഞ്ഞ 60 വർഷക്കാലമായി എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി പോരുന്ന ഗ്രാമപഞ്ചായത്താണ് കോട്ടൂർ. 1961 ൽ രൂപീകൃതമായ പഞ്ചായത്തിൽ 1963 ൽ 7 വാർഡുകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സപ്‌ത മുന്നണിയിലെ ആർ.കെ. ഗോവിന്ദൻ നായർ പ്രസിഡണ്ടായി വന്നതൊഴിച്ചാൽ പിന്നീട് ഇതുവരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഇവിടെ ഭരണം നടത്തിയത്.

1979 ൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ 5 സീറ്റുകൾ വീതം വിജയിച്ച് എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. അന്ന് നറുക്കെടുപ്പിൽ വിജയം എൽഡിഎഫിന് അനുകൂലമായിരുന്നു. സിഐ(എം)ലെ ടി.കെ ശ്രീധരനും കോൺഗ്രസിലെ മങ്ജാടൻ കണ്ടി ഗോവിന്ദൻ കുട്ടിയുമായിരുന്നു പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. നറുക്കെടുപ്പിലൂടെ ടി.കെ ശ്രീധരൻ പ്രസിഡന്റാവുകയായിരുന്നു. 

1995 ൽ പതിനൊന്ന് വാർഡിൽ എൽഡിഎഫ് 6 സീറ്റും യുഡിഎഫ് 5 സീറ്റും നേടിയിരുന്നു. 2000 ത്തിൽ വാർഡുകളുടെ എണ്ണം 15 ആക്കി ഉയർത്തി. 

2010 ൽ യഥാക്രമം 11-8 എന്ന നിലയിരുന്നു ഇവിടെത്തെ കക്ഷിനില. 2015 ൽ വാർഡുകളുടെ എണ്ണം 19 ആയി വർദ്ധിച്ചു. അന്ന് എൽഡിഎഫ് 13 വാർഡുകളിൽ വിജയിച്ചപ്പോൾ യുഡിഎഫിന് 6 വാർഡുകളിലേ വിജയം കണ്ടെത്താനായുള്ളൂ.

 2020 ൽ എൽഡിഎഫിൻ്റെ വാർഡുകൾ പിടിച്ചെടുത്ത് യുഡിഎഫ് തങ്ങളുടെ സീറ്റുകൾ 8 ആക്കി ഉയർത്തി. കഴിഞ്ഞ തവണ യുഡിഎഫിന്റെ പക്കലുണ്ടായിരുന്ന 2 സീറ്റുകൾ ഇടതുമുന്നണി തിരിച്ചു പിടിച്ചെങ്കിലും എൽഡിഎഫിൻ്റെ മൂന്ന് വാർഡുകൾ യുഡിഎഫും പിടിച്ചെടുത്തതോടെ ഇത്തവണ ഇവിടെ 20 ൽ 10 സീറ്റുകൾ വീതം നേടി സമാസമം ആയിരിക്കുകയാണ്. 

കോട്ടൂരിൻ്റെ മണ്ണിൽ ഒരിക്കൽപോലും ഭരണം കിട്ടാത്ത യുഡിഎഫ് ഇത്തവണ 10 സീറ്റിലാണ് വിജയിച്ചത്. ഇക്കുറി ഇരു മുന്നണികളും ഒപ്പത്തിനൊപ്പം വന്നതിനാൽ ഭാഗ്യം ആരുടെ കൂടെയാകുമെന്നുള്ള ആകാംക്ഷയിലാണ് കോട്ടൂരിലെ ജനങ്ങൾ. ഡിസംബർ 27 നടക്കുന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും അധികാരം ആർക്കാണെന്ന് തീരുമാനിക്കുക. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം സീറ്റുകൾ വിജയിച്ചു കയറിയതിനാൽ എല്ലാ കണ്ണുകളും ഇനി നറുക്കെടുപ്പിലേക്കാണ് തിരിയുന്നത്.

അടുത്ത അഞ്ചുവർഷം കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിയ്യതിക്കായി ഇരുമുന്നണികളും നെഞ്ചിടിപ്പോടുകൂടിയാണ് കാത്തിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി