പേരാമ്പ്ര പഞ്ചായത്ത്: യു.ഡി.എഫ്. ഭരണമുറപ്പിച്ചു; പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. അപർണ്ണ കെ.
പേരാമ്പ്ര പഞ്ചായത്ത്: യു.ഡി.എഫ്. ഭരണമുറപ്പിച്ചു; പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. അപർണ്ണ കെ.
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്. ഭരണമുറപ്പിച്ചു. ആകെയുള്ള 21 വാർഡുകളിൽ 12 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചാണ് യു.ഡി.എഫ്. അധികാരം പിടിക്കുന്നത്. എട്ടാം വാർഡ് (പാണ്ടിക്കോട്) മെമ്പറും അഭിഭാഷകയുമായ അഡ്വ. അപർണ്ണ കെ. പഞ്ചായത്ത് പ്രസിഡന്റായേക്കുമെന്നാണ് നിലവിലെ സൂചന.
അന്തിമ തീരുമാനത്തിനായി യു.ഡി.എഫ്. നേതൃത്വവും കോൺഗ്രസ്സും ഉടൻ യോഗം ചേരും.
മുന്നണി വിജയിച്ച വാർഡുകൾ
യു.ഡി.എഫ്. 12
എൽ.ഡി.എഫ്. 8
ബി.ജെ.പി./എൻ.ഡി.എ 1
ആകെ വാർഡുകൾ 21
ഭരണപക്ഷത്തിന് വെല്ലുവിളിയായി പ്രതിപക്ഷം; ബി.ജെ.പിക്ക് ഒരു സീറ്റ്
യു.ഡി.എഫ്. ഭരണമുറപ്പിച്ചപ്പോൾ, എൽ.ഡി.എഫിന് 7 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളൂ. ഇതിനിടയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് എൻ.ഡി.എ. ആണ്. ആകെയുള്ള 21 വാർഡുകളിൽ ഒരു സീറ്റിൽ വിജയിച്ച് ബി.ജെ.പി. അംഗം പഞ്ചായത്ത് ഭരണസമിതിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി. യു.ഡി.എഫ്. ഭരണസമിതിക്ക് ശക്തമായ പ്രതിപക്ഷമായി എൽ.ഡി.എഫും ബി.ജെ.പി. അംഗവും സമിതിയിൽ ഉണ്ടാകുമെന്നത് ശ്രദ്ധേയമാണ്.
അപർണ്ണയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ; വികസനത്തിന് ദീർഘവീക്ഷണം വേണം
വികസനകാര്യങ്ങളിൽ ദീർഘവീക്ഷണവും ഭാവന പൂർണ്ണമായ ഇടപെടലും അഡ്വ. അപർണ്ണയിൽ നിന്നുണ്ടാകുമെന്നാണ് പേരാമ്പ്രയിലെ നിവാസികളുടെ പ്രധാന പ്രതീക്ഷ. സ്ത്രീകളെ നേരിടുന്ന വിഷയങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിന് ഊന്നൽ നൽകുമെന്നും ആദ്യഘട്ടത്തിൽ തന്നെ പേരാമ്പ്ര പട്ടണത്തിന്റെ മുഖച്ഛായ മാറ്റാൻ ഇടപെടലുകൾ ഉണ്ടാകുമെന്നും കരുതുന്നു.
നിലവിൽ ബസ് സ്റ്റാൻഡ് പരിസരത്തെ പൊതു ടോയ്‌ലറ്റുകൾ, ടാക്സി സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്കും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർക്കും സൗകര്യപ്രദമായി ഇരിക്കാൻ കഴിയുന്ന ഒരു മനോഹരമായ ഇരിപ്പടം സ്ഥാപിക്കാനുള്ള ശ്രമവും ആദ്യപടിയായി ഉണ്ടാകുമെന്നും നാട്ടുകാർ കരുതുന്നു.
അഭിപ്രായ സമന്വയത്തിന് ആദ്യയോഗം വിഷയങ്ങൾ പഠിക്കാനും പരിഹാരം കാണാനും മുഴുവൻ സാമൂഹ്യപ്രവർത്തകരെയും രാഷ്ട്രീയപ്രവർത്തകരെയും, കലാ-സാംസ്കാരിക മേഖലയിലുള്ളവരെയും വ്യാപാരികളെയും ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ വിഷയ പഠന യോഗം വിളിക്കാനാണ് സൂചന. എല്ലാവരുടെയും അഭിപ്രായങ്ങൾ തേടി സമഗ്രമായ വികസന അജണ്ടക്ക് രൂപം നൽകാനാണ് യു.ഡി.എഫ്. നീക്കം.
അതേസമയം, 16-ാം വാർഡിൽ വിജയിച്ച ലതികാ വിനോദനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും നിലവിൽ അഡ്വ. അപർണ്ണ കെ.ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻതൂക്കം. വരും ദിവസങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിന്റെ യോഗത്തോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.

Comments
Post a Comment