വീട്ടുപറമ്പിലെ കിണറിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാരും നാട്ടുകാരും ആശങ്കയിൽ
കോഴിക്കോട്: വീട്ടുപറമ്പിലെ കിണറിലെ വെള്ളം മുഴുവൻ നീല നിറമായി മാറി. ചാത്തമംഗലം വെള്ളലശ്ശേരിക്ക് സമീപം പുതിയാടത്ത് വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി വെള്ളത്തിന്റെ നിറം മാറ്റമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഉപയോഗിച്ചപ്പോൾ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ശബരിമലയിൽ പോകാനായി വ്രതമനുഷ്ടിക്കുന്നതിനാൽ വിശ്വംഭരൻ പുലർച്ചെ എഴുന്നേറ്റ് കുളിക്കാറുണ്ട്.
ഇരുട്ടായതിനാൽ നിറം മാറ്റം ശ്രദ്ധിച്ചില്ല. പിന്നീട് നേരം വെളുത്തതോടെ, മറ്റാവശ്യങ്ങൾക്കായി വെള്ളം ബക്കറ്റിൽ നിറച്ചപ്പോഴാണ് നീലനിറം കണ്ടത്. കിണറിലേക്ക് നോക്കിയപ്പോൾ കടുത്ത നീല നിറത്തിലാണ് വെള്ളമുണ്ടായിരുന്നത്. ഉടൻ തന്നെ സമീപത്തെ വീടുകളിലെ കിണർ പരിശോധിച്ചെങ്കിലും അവിടെയൊന്നും കുഴപ്പമുണ്ടായിരുന്നില്ല.
ആശങ്കയിലായ വീട്ടുകാർ സംഭവം മാവൂർ പോലീസിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച നിർദേശമനുസരിച്ച് വെള്ളത്തിന്റെ സാംപിൽ കോഴിക്കോട് സിഡബ്ല്യുആർഡിഎമ്മിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Comments
Post a Comment