കൂരാച്ചുണ്ട് സ്വദേശിനി മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്.
കൂരാച്ചുണ്ട്: ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റാവും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക.
കോടഞ്ചേരി ഡിവിഷനിൽനിന്ന് വിജയിച്ച മില്ലി മോഹൻ മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാണെന്നതിൽ തിളക്കമേറെ. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലും വിലങ്ങാട് സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിലും അധ്യാപികയായിരുന്നു മില്ലി മോഹൻ.
മില്ലി മോഹൻ 2005-10 കാലത്ത് ജില്ലാ പഞ്ചായത്തംഗമായിട്ടുണ്ട്. കൂരാച്ചുണ്ട് കാളങ്ങാലി വേങ്ങത്താനം കുടുംബാംഗമാണ്. വേങ്ങത്താനം അബ്രാഹമിൻ്റെയും ചിന്നമ്മയുടെയും മകളാണ് മില്ലി. ഇപ്പോൾ തിരുവമ്പാടിയിൽ ആണ് താമസം .
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിൻറെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണത്തെ തോൽവി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരിക്കൽ പോലും യുഡിഎഫിന് അധികാരം ലഭിച്ചിട്ടില്ല. അതാണ് ഇത്തവണ തിരുത്തിയെഴുതിയത്.
കോടഞ്ചേരിയിൽ 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, നാദാപുരത്തുനിന്ന് നവാസിൻ്റെ വിജയം കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ എറ്റവും വലിയ ഭൂരിപക്ഷത്തിനാണ്- 16,615 വോട്ടിനാണ്.
28 അംഗങ്ങളുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ 15 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. ഇടത് പക്ഷത്തിന് ഇത്തവണ 13 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.

Comments
Post a Comment