വടകരയിൽ കുറുക്കന്റെ ആക്രമണം: കടിയേറ്റത് നാലുപേർക്ക്, ആക്രമണത്തിൽ യുവാവിന് കൈവിരൽ നഷ്ടമായി.
വടകര: വള്ളിക്കാട് കുറുക്കന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാലുപേരാണ് കുറുക്കൻ്റെ ആക്രമണത്തിന് ഇരയായത്. ഇതിൽ ആക്രമണത്തിന് ഇരയായ ഒരു യുവാവിൻ്റെ കൈവിരലിന്റെ ഒരു ഭാഗം കുറുക്കൻ കടിച്ചെടുത്തു.
പുലർകണ്ടി താഴെ രജീഷിൻറെ കൈവിരലാണ് കുറുക്കൻ കടിച്ചെടുത്തത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നാട്ടുകാർ തിരച്ചിൽ നടത്തി വിരലിന്റെ ഭാഗം കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ് രാവിലെയാണ് കുറുക്കൻ്റെ ആക്രമണത്തിൻ്റെ തുടക്കം. പുഞ്ചപ്പാലം, രയരോത്ത് പാലം എന്നിവിടങ്ങളിലായിരുന്നു ആദ്യ ആക്രമമുണ്ടായത്. ആറുവയസുകാരി വലിയ പറമ്പത്ത് അനാമികയ്ക്ക് വീടിന്റെ മുറ്റത്തുനിന്നാണ് കുറുക്കൻന്റെ കടിയേറ്റത്. പുലർകണ്ടി നിവേദ്, മടത്തും താഴെ കുനി മോളി എന്നിവർക്കും കടിയേറ്റു.
രാത്രിയിൽ നാട്ടുകാർ കുറുക്കനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെയാണ് രജീഷിന് കടിയേറ്റത്. പരിക്കേറ്റ മൂന്നുപേർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Comments
Post a Comment